സംസ്ഥാനത്തെ സ്വകാര്യ ട്യൂഷന് സെന്ററുകളിലും പാരലല്‍ കോളേജുകളും നടത്തുന്ന വിനോദയാത്രകള്‍ക്കും രാത്രികാല ക്ലാസുകള്‍ക്കും വിലക്കേര്‍പ്പെടുത്തി ബാലാവകാശ കമ്മിഷന്.
പത്ത്, പ്ലസ് ടു പരീക്ഷകള്‍ക്ക് മുന്നോടിയായി നടത്തുന്ന രാത്രികാല പഠനക്ലാസുകളും വിനോദയാത്രകളും നിരോധിക്കണമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തദ്ദേശ സെക്രട്ടറി, ഗതാഗത കമ്മിഷണര്‍ എന്നിവര്‍ക്ക് ബാലാലകാശ കമ്മിഷന് നിര്‍ദേശം നല്കി.
സ്കൂളിലെ ക്ലാസിന് ശേഷം നടക്കുന്ന മണിക്കൂറുകളോളം നീളുന്ന ഇത്തരം നൈറ്റ് സ്റ്റഡി ക്ലാസുകള്‍ അശാസ്ത്രീയമാണ്.
കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഇത് വെല്ലുവിളി ഉയര്‍ത്തും. രക്ഷിതാക്കള്‍ക്ക് കൂടുതല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കാനും ഇത്തരം ക്ലാസുകള്‍ കാരണമാകും.
അതിനാല്‍ രാത്രികാല ക്ലാസുകള്‍ പൂര്‍ണമായും നിരോധിക്കുകയാണെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവില്‍ പറയുന്നു.
വാളകം മാര്‍ത്തോമ ഹൈസ്കൂള്‍ അധ്യാപകന് സാം ജോണ്‍ നല്കിയ പരാതിയില്‍ കമ്മിഷന് അംഗം റെനി ആന്റണിയാണ് ഉത്തരവിറക്കിയത്.
പോലീസ്, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവരുടെ വിശദീകരണവും ഇക്കാര്യത്തില്‍ കമ്മിഷന് തേടിയിരുന്നു.
സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് സ്കൂളുകള്‍ നടത്തുന്ന വിനോദയാത്രകള്‍ക്ക് പുറമെയാണ് രജിസ്ട്രേഷനോ ലൈസന്‍സോ ഇല്ലാത്ത ഇത്തരം സ്വകാര്യസ്ഥാപനങ്ങള്‍ കുട്ടികളുടെ നിര്‍ബന്ധ പ്രകാരം ടൂറുകള്‍ സംഘടിപ്പിക്കുന്നത്.
ഇത്തരം യാത്രകളില്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ആരും പാലിക്കുന്നില്ലെന്ന് പരാതിക്കാരന് ചൂണ്ടിക്കാട്ടിയിരുന്നു.