സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികപീഡനങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായതായി റിപ്പോര്‍ട്ട്. സ്വന്തം വീടുകളില്‍ കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് അനുദിനം വര്‍ദ്ധിക്കുകയാണ്. വീടുകളിലെ നിരവധി ലൈംഗികാതിക്രമങ്ങള്‍ ഒത്തുതീര്‍പ്പുകളിലൂടെ മൂടിവയ്ക്കപ്പെടുന്നുമുണ്ട്. ബന്ധുക്കളുടെയും അടുപ്പക്കാരുടെയും ആക്രമണത്തിന് ഇരയാകുന്ന കുട്ടികള്‍ ഭീഷണിയിലൂടെയും സമ്മര്‍ദ്ദതന്ത്രങ്ങളിലൂടെയും നിശബ്ദരാക്കപ്പെടുന്നു. പുറത്തറിയാത്ത കേസുകള്‍ കൂടി ഉള്‍പ്പെട്ടാല്‍ കണക്കില്‍ ഭയാനകമായ വര്‍ധനയുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
2016 ഒക്ടോബര്‍ വരെ പോക്സോ പ്രകാരം 1718 ലൈംഗിക അതിക്രമ കേസുകള്‍ എടുത്തിട്ടുണ്ട്. നാഷണല്‍ എയ്ഡ്സ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് കേരളത്തില്‍ 884 കുട്ടികള്‍ എച്ച്.ഐ.വി അണുബാധിതരാണ്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ ഒത്തുതീര്‍പ്പുകള്‍ പാടില്ലെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷന് അദ്ധ്യക്ഷ ശോഭാ കോശി പറഞ്ഞു. പീഡനം നടന്നതായി ഒരു കുട്ടി അറിയിച്ചാല്‍ പൊലീസോ മാതാപിതാക്കളോ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത് കുറ്റകരമാണ്.
ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും അതീവശ്രദ്ധ വേണം. സ്കൂളുകള്‍ കുട്ടികള്‍ക്കായി പുറമേ നിന്നുള്ള വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെങ്കില്‍ അവയുടെ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് കമ്മിഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പലപ്പോഴും കൂട്ടികള്‍ പീഡനത്തിനിരയാകുമ്പോള്‍ പ്രതിസ്ഥാനത്ത് ബന്ധുക്കളാകും. അതുകൊണ്ട തന്നെ പലരും പരാതി നല്കാന് മടിക്കുകയാണ്.