തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ നാൽപ്പത്തിയൊന്ന് പേർ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായി.
കുറ്റകൃത്യം ചെയ്തവരുടെ നിരകണ്ടു പോലീസ് പോലും അന്പരന്നു. ഉന്നത വിദ്യാഭാസവും ജോലിയുമുള്ള നിരവധി പേർ പോലീസിന്റെ റെയ്ഡിൽ കുടുങ്ങി.
ഒരു ഡോക്ടറും ഐടി പ്രഫഷണലും പോലീസ് ട്രെയിനിയും അറസ്റ്റിലായവരിൽപെടുന്നു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ നടത്തിയ റെയ്ഡിലാണ് വിദ്യാസന്പന്നരായവർ ഉൾപ്പെടെ അറസ്റ്റിലായത്.
339 കേസുകൾ ഇതിനൊടകം പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 459 സ്ഥലങ്ങളിലാണ് ഇന്നലെ സൈബർഡോമിന്റെയും സൈബർസെല്ലിന്റെയും സഹായത്തോടെ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തിയത്.
ഓപ്പറേഷൻ പി ഹണ്ടിൽ നേരത്തെ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം ഘട്ട പരിശോധനയിലാണ് നാൽപ്പത്തിയൊന്നു പേർ ഇന്നലെ അറസ്റ്റിലായത്.
കടുത്ത നടപടികളുമായി പോലീസ് മുന്നോട്ടു പോകുമെന്ന് എഡിജിപി മനോജ് എബ്രഹാം അറിയിച്ചു. ഇത്തരം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടർച്ചയായി പോലീസിന്റെ നിരീക്ഷണത്തിൽ ആയിരിക്കും.