ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന റാക്കറ്റ് പിടിയിൽ. ഇന്ത്യയ്ക്കു പുറമേ 10 രാജ്യങ്ങളിൽ കണ്ണി ചേരുന്ന വാട്സ് ആപ്പ് ഗ്രൂപ്പ് സംഘത്തെയാണ് സിബിഐ കണ്ടെത്തിയത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന ആദ്യ കേസാണിത്.
രണ്ടു വർഷം മുന്പാണ് വിവാദ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. വാട്സ് ആപ്പ് ഗ്രൂപ്പിലെ 119 അംഗങ്ങളിൽ ഇന്ത്യയ്ക്കു പുറമേ, യുഎസ്, ചൈന, ന്യൂസിലൻഡ്, മെക്സിക്കോ, ബ്രസീൽ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, കെനിയ, നൈജീരിയ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ളവർ അംഗങ്ങളാണ്.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ ഗ്രൂപ്പിലെ അംഗങ്ങൾക്കെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ത്യക്കാരായ അഞ്ച് ഗ്രൂപ്പ് അഡ്മിനുകൾക്കെതിരേയാണ് അന്വേഷണം നടക്കുന്നത്. ഇതിനായി നോയിഡ, കനൗജ്, മുംബൈ എന്നിവിടങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. തെളിവുകൾ ഉൾക്കൊള്ളുന്ന ടാബ്ലറ്റുകൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവ സിബിഐ പിടിച്ചെടുത്തു.
കനൗജ് സ്വദേശിയായ നിഖിൽ വർമ എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായും ഇയാളെ ചോദ്യംചെയ്യുന്നതിനായി ഡൽഹിയിലേക്ക് എത്തിച്ചതായും റിപ്പോർട്ടുകളുണ്ട്.
മറ്റു രാജ്യങ്ങളിൽനിന്നുള്ള അംഗങ്ങളുടെ വിവരങ്ങൾ അതത് രാജ്യങ്ങൾക്കു കൈമാറുമെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. ഗ്രൂപ്പിൽ പ്രചരിപ്പിച്ച വീഡിയോകളുടെയും ചിത്രങ്ങളുടെയും ഉറവിടം സംബന്ധിച്ചും സിബിഐ അന്വേഷിക്കുന്നുണ്ട്.