മരണപ്പെട്ട അമ്മയുടെ മാറില്‍ നിന്നു മുലപ്പാല്‍ നുകരുന്ന പിഞ്ചുകുഞ്ഞിന്റെ ദൃശ്യം ചര്‍ച്ചയാകുന്നു. മധ്യപ്രദേശിലെ ദാമോയില്‍ നിന്നാണ് ഈ ഹൃദയഭേദകമായ ദൃശ്യം പകര്‍ത്തിയത്. ബുധനാഴ്ച രാവിലെ ട്രെയിന്‍ ഡ്രൈവറാണ് യുവതിയുടെ മൃതദേഹം കണ്ടത്. ഉടന്‍തന്നെ ഇദ്ദേഹം അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് എത്തുമ്പോള്‍ വിശന്ന് കരയുന്ന ഒരുവയസ് പ്രായമുള്ള ആണ്‍കുട്ടി അമ്മയുടെ മാറില്‍നിന്ന് മുലപ്പാല്‍ കുടിക്കാനുള്ള ശ്രമത്തിലായിരുന്നു. സംഭവം കാഴ്ചക്കാരില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
യുവതിയും കുട്ടിയും ട്രെയിനില്‍നിന്ന് വീണതോ ട്രെയിന്തട്ടിയതോ ആകാമെന്നാണ് പോലീസിന്റെ നിഗമനം.യുവതിയുടെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നതിനാല്‍ അവന് പരിക്കേറ്റില്ല. യുവതിയുടെ മൃതദേഹവും കുട്ടിയേയും ഉടന്‍തന്നെ പോലീസ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പ്രവേശന ഫീസായ 10 രൂപ അടയ്ക്കാന്‍ ആരുമില്ലാതിരുന്നതിനാല്‍ ആശുപത്രി അധികൃതര്‍ കുട്ടിയെ അഡ്മിറ്റ് ചെയ്യാന്‍ ആദ്യം വിസമ്മതിക്കുകയായിരുന്നു.ആശുപത്രിയിലെ ഒരു ജീവനക്കാരന് തുകയടയ്ക്കാന്‍ തയാറായതോടെയാണ് കുട്ടിയെ ഏറ്റെടുത്തത്. പ്രാഥമിക പരിശോധനകള്‍ക്കു ശേഷം കുട്ടിയെ ശിശുഭവന് കൈമാറി. യുവതിയുടെയും കുട്ടിയുടേയും ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.