തിരുവനന്തപുരം: 12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
ഏറ്റവും മികച്ച രീതിയിൽ വാക്സിനേഷൻ നടത്തിയ സംസ്ഥാനമാണ് കേരളം. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷൻ 100 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 87 ശതമാനമായെന്നും മന്ത്രി പറഞ്ഞു.
15 മുതൽ 17 വയസു വരെയുള്ള കുട്ടികളുടെ ആദ്യ ഡോസ് വാക്സിനേഷൻ 78 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 44 ശതമാനവുമായി.
കരുതൽ ഡോസ് വാക്സിനേഷൻ 48 ശതമാനമാണ്. കേന്ദ്ര മാർഗനിർദേശം ലഭ്യമായാലുടൻ അതനുസരിച്ച് കുട്ടികളുടെ വാക്സിനേഷന് പദ്ധതി ആവിഷ്ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
12 മുതൽ 14 വയസുവരെ 15 ലക്ഷത്തോളം കുട്ടികളുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. വാക്സിനെടുക്കാനുള്ള കേന്ദ്രത്തിന്റെ പ്രൊജക്ടഡ് പോപ്പുലേഷനനുസരിച്ച് ഇത് മാറാൻ സാധ്യതയുണ്ട്.
കുട്ടികൾക്കായുള്ള 10,24,700 ഡോസ് കോർബിവാക്സ് വാക്സിൻ സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ട്. എറണാകുളം 4,03,200 ഡോസ്, കോഴിക്കോട് 2,74,500 ഡോസ്, തിരുവനന്തപുരം 3,47,000 ഡോസ് എന്നിങ്ങനെയാണ് വാക്സിൻ ലഭ്യമായത്.
സംസ്ഥാനത്ത് മാർച്ച് 16 മുതൽ 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും രണ്ടാം ഡോസ് കഴിഞ്ഞ് ഒൻപത് മാസത്തിനുശേഷം കരുതൽ ഡോസ് എടുക്കാവുന്നതാണ്.
നിലവിൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും 60 വയസിന് മുകളിൽ മറ്റ് അനുബന്ധ രോഗങ്ങൾ ഉള്ളവർക്കുമാണ് കരുതൽ ഡോസ് നൽകുന്നത്.