കോട്ടയം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിലുടെ പ്രചരിപ്പിക്കുന്ന നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകൾ കോട്ടയം ജില്ലയിൽ നിരീക്ഷണത്തിൽ.
ഇന്നലെ സംസ്ഥാന വ്യാപകമായി പി- ഹണ്ട് എന്ന് പേരിൽ നടത്തിയ റെയ്ഡിൽ കോട്ടയം ജില്ലയിൽ നാലു പേർ അറസ്റ്റിലാവുകയും 20 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
ജില്ലയിൽ നിന്നും സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച നാലു പേരെയാണ് അറസ്റ്റു ചെയ്തത്.
ഇന്റർപോൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസിന്റെ സൈബർ സെല്ലും, സൈബർ പോലീസ് സ്റ്റേഷനും ചേർന്നാണ് പരിശോധന നടത്തിയത്.
ഇത്തരത്തിൽ പതിവായി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന വാട്സ ആപ്പ് ഗ്രൂപ്പുകൾ പോലീസ് നിരിക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ ഗ്രൂപ്പുകളുടെ അഡ്മിൻമാരും നിരിക്ഷണത്തിലാണ്. തുടർന്നുള്ള ദിവസങ്ങളിലും റെയ്ഡുകൾ ഉണ്ടാകും.
ജില്ലാ പോലീസ് ചീഫ് ജി. ജയദേവ്, അഡീഷണൽ എസ്പി എ. നസീം, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി സാരഥി, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അനീഷ് വി കോര, സൈബർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ നിർമ്മൽ ബോസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡുകൾ നടക്കുന്നത്.