സമുദായത്തിലെ ആചാരപ്രകാരം മൂന്നാം വയസിൽ നടത്തിയ പെണ്‍കുട്ടിയുടെ വിവാഹം 17-ാം വയസിൽ കോടതി റദ്ദാക്കി. രാജസ്ഥാനിലെ ജോധ്പുരിൽ 2003ലാണ് പതിനൊന്നു വയസുകാരൻ അന്ന് മൂന്നു വയസു മാത്രം പ്രായമുണ്ടായിരുന്ന പെണ്‍കുഞ്ഞിനെ സമുദായത്തിലെ നേതാക്കളുടെ നിർദേശത്തെത്തുടർന്ന് വിവാഹം കഴിച്ചത്. പിന്നീട് ഈ കുട്ടികൾ അവരുടെ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം.
എന്നാൽ, പെണ്‍കുട്ടിയുടെ അച്ഛൻ മരിച്ചതോടെ തങ്ങളുടെ വീട്ടിൽ കൊണ്ടുവന്നു വിടണമെന്ന് ഇവളെ വിവാഹം കഴിച്ച പയ്യന്റെ വീട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങി. എന്നാൽ, പെണ്‍കുട്ടി ഇതിനു തയാറായില്ല. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് അവൾ തന്റെ പഠനം തുടർന്നു. പക്ഷേ, കഴിഞ്ഞ വർഷം യുവാവിന്റെ വീട്ടുകാർ ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ പഠനം നിറുത്തിച്ചു. ഇതോടെ പെണ്‍കുട്ടി പ്രദേശത്തെ ഒരു സന്നദ്ധസംഘടനയുടെ സഹായത്തോടെ കോടതിയെ സമീപിക്കുകയായിരുന്നു.