കോഴിക്കോട് : ജില്ലയിൽ കഴിഞ്ഞ പത്ത് മാസങ്ങളിലായി കുട്ടിക്കൾക്കെതിരെയുണ്ടായ അതിക്രമങ്ങൾ വർധിച്ചതായി ചൈൽഡ് ലൈൻ. ആകെ 658 കേസുകളാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയത്. ലൈംഗികാതിക്രമത്തിന്റെ പേരിൽ 92 കേസ് ജനുവരി മുതൽ ഒക്ടോബർ വരെ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവർഷം ജനുവരി മുതൽ ഡിസംബർ വരെ 109 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ നവംബർ, ഡിസംബർ മാസത്തിലെ കണക്കുകൾകൂടി വരുന്പോൾ വർധനയുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.
ജില്ലയിൽ എട്ട് ശൈശവ വിവാഹങ്ങൾ നടന്നതായും കണക്കുകൾ പറയുന്നു. ശാരീരിക പീഡനം 86, മാനസിക പീഡനം 89 എണ്ണവുമാണ് റിപ്പോർട്ട് ചെയ്തത്. ബാലഭിക്ഷാടനവും ബാലവേലയും ജില്ലയിൽ മുൻവർഷങ്ങളെക്കാൾ കുറവാണ്്. ബാലഭിക്ഷാടനം പത്തും ഒരുബാലവേലയുമാണ് റിപ്പോർട്ട് ചെയ്തത്. ആരോഗ്യപരമായ പ്രശ്നങ്ങളിൽപ്പെട്ട ഏഴുപേരെയും പാർപ്പിടമില്ലാത്ത 67 പേർക്ക് പാർപ്പിടമൊരുക്കാൻ ജില്ലാ ചൈൽഡ് ലൈന്സാധിച്ചു.
മാനസികമായി പ്രയാസമനുഭവിക്കുന്ന 67 കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ നൽകി പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാനും സാധിച്ചു. 23 പേരെയാണ് ജില്ലയിൽനിന്നും ഈ വർഷം കാണാതായതായി റിപ്പോർട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽനിന്നും വഴിതെറ്റിയെത്തിയ 19 പേരെ തിരിച്ച് സ്വദേശത്തെത്തിക്കാനും ചൈൽഡ് ലൈൻ പ്രവർത്തകർക്ക് സാധിച്ചു.