മറയൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള ബന്ധുക്കളുടെ നീക്കം ചൈല്‍ഡ് ലൈന്‍ പ്രവർത്തകർ തടഞ്ഞു. പതിനഞ്ചുവയസ് ബൈസണ്‍വാലി മുട്ടുകാട് ചൊക്രമുടി ആദിവാസി കുടിയിലെ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചയക്കാനുള്ള ശ്രമമാണ് തടഞ്ഞത്.
ആദിവാസി കോളനി സ്വദേശിയും പെണ്‍കുട്ടിയുടെ ബന്ധുവുമായ യുവാവുമായി വിവാഹം നടത്താൻ ബന്ധുക്കൾ നിശ്ചയിച്ചിരുന്നു. ഇതിന്റെ ചടങ്ങുകളുടെ ഭാഗമായി കഴിഞ്ഞദിവസം യുവാവ് പെണ്‍കുട്ടിയുമായി വട്ടവടയിലെത്തിയിരുന്നു.
മൂന്നാർ ചൈൽഡ് ലൈണ്‍ പ്രവർത്തകർക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചൈൽഡ്ലൈണ് പ്രവർത്തകർ വട്ടവടയിലെത്തി വിവാഹ ചടങ്ങ് തടഞ്ഞത്. പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായശേഷമേ വിവാഹം നടത്തുകയുള്ളൂവെന്ന് ഇരുകുടുംബങ്ങളിൽനിന്നും എഴുതിവാങ്ങിയതായും ചൈൽഡ് ലൈണ്‍ പ്രവർത്തകരായ ജോണ്‍ എസ്. എഡ്വിൻ, ആർ. ജാൻസി എന്നിവർ പറഞ്ഞു.