തിരുവനന്തപുരം: കിടക്കയില്‍ മൂത്രമൊഴിച്ചതിന് ശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിയെ ആയമാര്‍ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുറ്റം തെളിയാതിരിക്കുന്നതിന് ആയമാര്‍ തെളിവു നശിപ്പിക്കാനും ശ്രമം നടത്തി.
ചോദ്യംചെയ്യലിനു വിളിച്ചപ്പോള്‍ നഖം വെട്ടിയാണ് പ്രതികള്‍ ഹാജരായത്. മൂന്നു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ശാസ്ത്രീയ തെളിവെടുപ്പു നടത്തുമെന്നു പോലീസ് അറിയിച്ചു.
കുട്ടിയെ ഉപദ്രവിച്ച വിവരം അധികൃതരെ അറിയിക്കാതെ ഒരാഴ്ചയോളം ആയമാര്‍ മറച്ചു വച്ചതായും കണ്ടെത്തി. അറസ്റ്റിലായ ആയമാര്‍ മുന്‍പും പലതവണ കുട്ടികളോടു ക്രൂരമായി പെരുമാറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കിടക്കയില്‍ പതിവായി മൂത്രമൊഴിക്കുന്ന കുട്ടിയെ ഉപദ്രവിച്ച വിവരം പ്രധാന പ്രതി അജിത ഒപ്പമുണ്ടായിരുന്നവരോടു പറഞ്ഞിരുന്നു.
കുട്ടിയെ ഉപദ്രവിച്ചെന്നു വ്യക്തമായിട്ടും ഇതു തടയാനോ അധികാരികളെ വിവരം അറിയിക്കാനോ ഒപ്പമുണ്ടായിരുന്ന സിന്ധുവും മഹേശ്വരിയും തയാറായില്ല. ഒരാഴ്ചയോളം വിവരം ഇവര്‍ മറച്ചുവച്ചു.
ഇതിനിടെ, കുട്ടിയെ കുളിപ്പിച്ചതെല്ലാം പ്രതികളായിരുന്നതിനാല് സംഭവം പുറത്ത് ആരും അറിഞ്ഞതുമില്ല. 70 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനുശേഷമാണ് പോത്തന്‍കോട് ആണ്ടൂര്‍ക്കോണം സ്വദേശി അജിത (49), അയിരൂപ്പാറ സ്വദേശി മഹേശ്വരി (49), കല്ലമ്പലം നാവായിക്കുളം മുല്ലനെല്ലൂര്‍ സ്വദേശി സിന്ധു (47) എന്നിവര്‍ കുറ്റം സമ്മതിച്ചത്.
സംഭവത്തിനു പിന്നാലെ അറസ്റ്റിലായ മൂന്നു പേര് ഉള്‍പ്പെടെ ഏഴ് ആയമാരെ ശിശുക്ഷേമ സമിതി പിരിച്ചുവിടുകയും ചെയ്തു.