ഒരുമിച്ച് കളിച്ചുവളര്‍ന്ന ബാല്യകാല സുഹൃത്തുക്കള്‍ വിവാഹത്തിലൂടെ പ്രണയസാക്ഷാത്കാരം നടത്തിയപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം സന്തോഷത്തോടെ അവരെ ആശിര്‍വദിച്ചു. എന്നാല്‍ ആ സന്തോഷത്തിന് മിനിറ്റുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ… യുഎസില്‍ ടെക്സാസിലാണ് ബാല്യകാല സുഹൃത്തുക്കള്‍ തമ്മില്‍ വിവാഹിതരായതിനു ശേഷം റിസപ്ഷനായി തിരിക്കുന്നതിനിടെ വരന് ഓടിച്ച വാഹനത്തിലേക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഇരുവരുടെയും കുടുംബാംഗങ്ങള്‍ക്ക് മുന്നിലാണ് അതിദാരുണ ദുരന്തം നടന്നത്.
പത്തൊമ്പതുകാരിയായ ഹാര്‍ലി മോര്‍ഗനും-ഇരുപതുകാരനായ റിയാനന് ബോട്രിക്സും തമ്മിലാണ് വെള്ളിയാഴ്ച ടെക്സാസിലെ ഓറഞ്ച് കൗണ്ടിയില്‍ വെച്ച് വിവാഹിതരായത്. വിവാഹ ചടങ്ങുകള്‍ക്കു ശേഷം റിസപ്ഷനു വേണ്ടി അഞ്ചുവരി പാതയായ ഹൈവേയിലേക്ക് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വരനാണ് വാഹനം ഓടിച്ചിരുന്നത്. ഇവരുടെ വാഹനം നിരവധി തവണ മറിഞ്ഞതിനു ശേഷമാണ് നിന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വധുവിന്റെ അമ്മയും സഹോദരിയും ഉള്‍പ്പെടെയുള്ളവര്‍ തൊട്ടുപിന്നിലായി ദുരന്തം നേരില്‍ കാണേണ്ടിവന്നു.
‘എനിക്ക് അവിടെ ഇരുന്ന് എന്റെ രണ്ടു മക്കളുടെയും മരണം കാണേണ്ടി വന്നു, എന്റെ ജീവിത കാലം മുഴുവന്‍ ഇനി ഈ ചിത്രം മനസില്‍ നിന്ന് മായില്ല.. എന്റെ കുഞ്ഞുങ്ങളെ പുറത്തെടുത്തപ്പോള്‍ പറ്റിയ രക്തം ഇപ്പോഴും എന്റെ ദേഹത്ത് പറ്റിപ്പിടിച്ചിട്ടുണ്ട്…’ വധുവിന്റെ അമ്മയുടെ വാക്കുകളാണിത്.. മകളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷ ദിനം ഒരു നിമിഷം കൊണ്ട് ഇല്ലാതായതിന്റെ നേര്‍ച്ചിത്രം കാണേണ്ടി വന്ന ഒരമ്മയുടെ വാക്കുകളാണിത്. ട്രക്ക് ഓടിച്ചിരുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ അന്വേഷണവുമായി അപകടമുണ്ടാക്കിയ ഡ്രൈവര്‍ സഹകരിക്കുന്നുണ്ടെന്നും, അപകടത്തിനു പിന്നില്‍ സംശയിക്കത്തക വിധത്തില്‍ ഒന്നുമില്ലെന്നും പോലീസ് വ്യക്തമാക്കി.