കുട്ടിക്കാലത്തെ നിഷ്കളങ്കമായ സൗഹൃദങ്ങളുടേതിനു പകരം വയ്ക്കാവുന്ന സൗഹൃദങ്ങള്‍ നമുക്ക് പിന്നീട് ജീവിതത്തിലൊരിക്കലും കിട്ടിയെന്നു വരില്ല.
പലവഴിക്ക് പിരിഞ്ഞുപോകുന്ന കൂട്ടുകാരെ ചിലപ്പോഴൊക്കെ ജീവിതത്തില്‍ പിന്നീടൊരിക്കലും കാണാന്‍ സാധിക്കാത്ത അവസ്ഥയ്ക്ക് വിരാമമിട്ടത് സോഷ്യല്‍ മീഡിയയുടെ കടന്നുവരവാണ്.
അത്തരത്തില്‍ കുട്ടിക്കാലത്തെ കൂട്ടുകാരിയെ 18 വര്‍ത്തിനു ശേഷം കണ്ടെത്തിയ ഒരു കഥയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്.
എല്‍കെജിയില്‍ കൂടെ പഠിച്ച ലക്ഷിത എന്ന കൂട്ടുകാരിയെ കണ്ടെത്താന്‍ നേഹ എന്ന യുവതി ഇന്‍സ്റ്റഗ്രാമില്‍ ഒരു അക്കൗണ്ട് തുടങ്ങുകയായിരുന്നു.
‘ഫൈന്‍ഡിങ് ലക്ഷിത’ എന്ന പേരില്‍ തുടങ്ങിയ അക്കൗണ്ടില്‍ ലക്ഷിതയുടെ കുട്ടിക്കാലത്തെ ചിത്രവും എല്‍കെജി ക്ലാസിലെ ഗ്രൂപ്പ് ഫോട്ടോയും നേഹ പങ്കുവെച്ചു. അക്കൗണ്ടിന്റെ പ്രൊഫൈല്‍ ഫോട്ടോയും ലക്ഷിതയുടെ കുട്ടിക്കാലത്തെ ചിത്രമായിരുന്നു.
‘എന്റെ കുട്ടിക്കാലത്തെ ചങ്ങാതി ലക്ഷ്തിയെ കണ്ടെത്താനാണ് ഈ പ്രൊഫൈല്‍ തുടങ്ങിയത്. അവള്‍ക്ക് ഇപ്പോള്‍ 21 വയസായിട്ടുണ്ടാകും. അവളുടെ സഹോദരന്റെ പേര് കുണാല്‍ എന്നാണ്.’ ഇന്‍സ്റ്റയുടെ ബയോയില്‍ നേഹ കുറിച്ചു.
ലക്ഷിതയുടെ കുടുംബം ജയ്പൂരിലേക്ക് താമസം മാറിപ്പോയതോടെയാണ് ഇരുവരുടേയും സൗഹൃദം പിരിയുന്നത്.
തന്റെ ഉദ്യമം തുടങ്ങിയതിനു പിന്നാലെ നേഹ തന്റെ അക്കൗണ്ടില്‍ ഒരു വീഡിയോ പങ്കുവെച്ചു. ലക്ഷിതയെ കണ്ടെത്തിയതായിരുന്നു ആ വീഡിയോയുടെ ഉള്ളടക്കം.
ലക്ഷിത എന്ന് പേരുള്ള നിരവധി പേര് തനിക്ക് മെസ്സേജ് അയച്ചുവെന്നും അതില്‍ നിന്ന് അവളെ കണ്ടെത്തി എന്നും നേഹ വീഡിയോയില്‍ പറയുന്നു. ‘അവസാനം ഞാന്‍ നിന്നെ കണ്ടെത്തിയിരിക്കുന്നു.
നിന്നെ കണ്ടെത്തുക എന്നത് ഒട്ടും എളുപ്പമല്ലായിരുന്നു. 18 വര്‍ഷത്തിനുശേഷം വീണ്ടും നീയുമായി സൗഹൃദം തുടങ്ങിയത് വിശ്വസിക്കാനാകുന്നില്ല’ നേഹ വീഡിയോക്കൊപ്പം കുറിച്ചു.
79 ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. എട്ടു ലക്ഷം ആളുകള്‍ ലൈക്കും ചെയ്തു. നേഹയുടെ പരിശ്രമത്തെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.