സ്വരമാധുര്യം കൊണ്ട് തെന്നിന്ത്യയുടെ വാനമ്പാടിയായിത്തീര്‍ന്ന ഈ ഗായികയെ അറിയാമോ ? പ്രശസ്ത ഗായികയുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ വൈറലാകുന്നു…

സംഗീതലോകത്തിന് കേരളം സമ്മാനിച്ച അപൂര്‍വ പ്രതിഭകളിലൊരാളാണ് ഗായിക സുജാത മോഹന്‍. പന്ത്രണ്ടു വയസ്സ് മുതല്‍ മലയാള സിനിമയില്‍ പാടി തുടങ്ങിയ സുജാത പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു.

തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് സുജാത ഇപ്പോള്‍. ജന്മനാ സംഗീത വാസന പ്രകടമാക്കിയിരുന്ന സുജാത എട്ടാം വയസ്സില്‍ കലാഭവനില്‍ ചേര്‍ന്നതാണ് ജീവിതത്തില്‍ വഴിത്തിരിവായത്.

കലാഭവന്‍ സ്ഥാപകന്‍ ആബേലച്ചന്‍ രചിച്ച് പുറത്തിറക്കിയ ക്രിസ്തീയ ഭക്തി ഗാനങ്ങളിലാണ് ആദ്യം സുജാതയുടെ മധുരശബ്ദം ആദ്യം മലയാളി കേട്ടത്.

പത്താം വയസ്സില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയ സുജാത, ഒമ്പത് വയസ്സു മുതല്‍ യേശുദാസിനൊപ്പം ഗാനമേളകളില്‍ പാടി തുടങ്ങി.

രണ്ടായിരത്തോളം ഗാനമേളകളില്‍ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലത്ത് കൊച്ചു വാനമ്പാടി എന്ന പേരിലായിരുന്നു അറിയപ്പെട്ടത്.’ടൂറിസ്റ്റ് ബംഗ്ലാവ്’ (1975) എന്ന ചിത്രത്തിനു പിന്നണി പാടിയാണ് സുജാത ചലച്ചിത്ര രംഗത്തേക്കു വന്നത്.

ഒഎന്‍വി കുറുപ്പ് എഴുതി എം.കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഈണമിട്ട ‘കണ്ണെഴുതി പൊട്ടു തൊട്ട്’ എന്ന ഗാനമാണ് സുജാത ആദ്യമായി പാടിയ സിനിമാഗാനം.

പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുറച്ചുനാള്‍ സിനിമാപിന്നണി ഗാനമേഖലയില്‍ നിന്നും വിട്ടുനിന്ന സുജാത വിവാഹ ശേഷമാണ് പിന്നീട് സജീവമായത്.

കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം നിരവധി തവണ നല്‍കി ഈ അപൂര്‍വപ്രതിഭയെ ആദരിച്ചിട്ടുണ്ട്. സുജാതയുടെ മകള്‍ ശ്വേത മോഹനും ഇപ്പോള്‍ തെന്നിന്ത്യയിലെ ശ്രദ്ധേയ ഗായികയാണ്.

Related posts

Leave a Comment