തമിഴ്നാട്ടിൽ അഞ്ചുവർഷത്തിനുള്ളിൽ 11,753 ശൈശവവിവാഹങ്ങൾ തടഞ്ഞതായി റിപ്പോർട്ട്. സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പ് പുറത്തുവിട്ട കണക്കാണിത്. അതേസമയം, ശൈശവവിവാഹങ്ങൾ ഇപ്പോഴും തമിഴ്നാട്ടിൽ നടക്കുന്നതായും പറയുന്നു. ഈറോഡ്, തിരുനെൽവേലി, പെരമ്പല്ലൂർ, കോയമ്പത്തൂർ, ദിണ്ടിഗൽ തുടങ്ങിയ ജില്ലകളിലാണ് ശൈശവ വിവാഹങ്ങൾ അധികവും നടക്കുന്നത്.
വിവാഹം കഴിക്കാൻ സ്ത്രീക്ക് പതിനെട്ടും പുരുഷന് ഇരുപത്തൊന്നും വയസ് തികയണമെന്ന അവബോധം ഇപ്പോഴും ഗ്രാമീണമേഖലകളിലില്ല. 2023-24 കാലയളവിൽ ശൈശവ വിവാഹങ്ങളുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടായത്.
2023ൽ 1,054 ശൈശവ വിവാഹം നടന്നെന്നു സാമൂഹ്യക്ഷേമവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 55.6 ശതമാനം അധികമായിരുന്നു. 2024ൽ 1,640 ശൈശവ വിവാഹങ്ങൾ നടന്നു. 2022 ൽ 3,609 പരാതി ലഭിച്ചതായും സാമൂഹ്യക്ഷേമവകുപ്പ് വെളിപ്പെടുത്തി. ശൈശവ വിവാഹത്തിനെതിരേ ഗ്രാമീണമേഖലകളിലെ സ്ത്രീകളുടെയും സ്കൂൾ, കോളജ് വിദ്യാർഥികളുടെയുമിടയിൽ ബോധവത്കരണം നടത്തുന്നുണ്ടെന്നു അധികൃതർ പറയുന്നു.