സ്വന്തം ലേഖകന്‍
കോഴിക്കോട് : സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനിടയിലും ചൈല്‍ഡ് ലൈന്‍ ഹെല്പ്പ്ലൈന് നമ്പര്‍ നിശ്ചലം.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സംരക്ഷണവും പരിചരണവും ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കും വിധത്തില്‍ ആരംഭിച്ച ഹെല്പ്പ്ലൈന് നമ്പറാണ് പ്രവര്‍ത്തനരഹിതമായത്.
മൊബൈലില്‍ 1098 ലേക്ക് വിളിച്ചാല്‍ നിലവിലെല്ലന്ന മുന്നറിയിപ്പാണ് ലഭിക്കുന്നത്. ലാന്‍ഡ് ലൈനില്‍ ബന്ധപ്പെട്ടാല്‍ കോവിഡുമായി ബന്ധപ്പെട്ടുള്ള അറിയിപ്പും ലഭിക്കുന്നുണ്ട്.
എന്നാല്‍ ഫോണ്‍ എടുക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണുള്ളത്. പൊതുഇടങ്ങളിലും മറ്റും വ്യാപകമായി പ്രദര്‍ശിപ്പിച്ച ഹെല്‍പ്പ് ലൈന്‍ നമ്പറാണിത്.
കുട്ടികളില്‍ നിന്നോ മറ്റു ബന്ധപ്പെട്ടവരില്‍ നിന്നോ ഫോണില്‍ പരാതി ലഭിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുക്കുകയും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ചുമതല.
എന്നാല്‍ ഇന്ന് രാവിലെ മുതല്‍ തുടര്‍ച്ചയായി ഈനമ്പറില്‍ ബന്ധപ്പെട്ടുവെങ്കിലും പ്രവര്‍ത്തന രഹിതമാണ്.
കോവിഡിന്റെ മറവില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ വ്യാപകമായി എത്തിക്കുന്നുണ്ടെന്ന് വിവിധ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജില്ലയില്‍ രണ്ടാഴചക്കുള്ളില്‍ അഞ്ചു കുട്ടികളെ റെയില്‍വേ കണ്ടെത്തുകയും ചെയ്തിരുന്നു. തമിഴ്നാട്, ജാര്‍ഖണ്ഡ്, ബീഹാര്‍, ഓഡീഷ, അസം തുടങ്ങി സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ ധാരാളമായി ഇവിടെക്ക് എത്തിക്കുന്നുണ്ട്.
ട്രയിന്മാര്ഗമല്ലാതേയും കുട്ടികളെ കൊണ്ടുവരുന്നുണ്ട്.
ഇത്തരം സംഭവങ്ങള്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ ചൈല്‍ഡ് ലൈനിന്റെ ഹെല്പ്പ്ലൈന് നമ്പറാണ് ഉപയോഗിക്കുക.
കൂടാതെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളും ഈ നമ്പറിനെ ആശ്രയിക്കാറുണ്ട്. വീട്ടില്‍ നിന്നും മറ്റുമുണ്ടാവുന്ന ദുരനുഭവങ്ങള്‍ ഈ നമ്പര്‍ വഴി കുട്ടികള്‍ പങ്കുവയ്ക്കുന്ന നിരവധി സംഭവങ്ങളുമുണ്ടായിട്ടുണ്ട്. നിലവില്‍ ഈ ഹെല്പ്പ്ലൈന് നമ്പറിനെ പ്രതീക്ഷിച്ച് വിളിച്ചാല്‍ കുട്ടികള്‍ക്ക് നീതി ലഭിക്കാത്ത അവസ്ഥയാണുള്ളത്.