തിരുവനന്തപുരം: സൈബർ ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തെരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താനായി പോലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയിൽ 28 പേർ അറസ്റ്റിൽ.
ഓപ്പറേഷൻ പി-ഹണ്ട് 21.1 എന്ന് നാമകരണം ചെയ്ത റെയ്ഡിൽ 370 കേസുകൾ രജിസ്റ്റർ ചെയ്തു.
ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള 310 അംഗസംഘം ഞായറാഴ്ച വെളുപ്പിനാണ് റെയ്ഡ് ആരംഭിച്ചതെന്ന് സൈബർ ഡോം നോഡൽ ഓഫീസർ എഡിജിപി മനോജ് ഏബ്രഹാം അറിയിച്ചു.
സംസ്ഥാനത്ത് 477 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്. മൊബൈൽ ഫോണ്, മോഡം, ഹാർഡ് ഡിസ്ക്, മെമ്മറി കാർഡ്, ലാപ്ടോപ്, കന്പ്യൂട്ടർ എന്നിവ ഉൾപ്പെടെ 429 ഉപകരണങ്ങൾ റെയ്ഡിൽ പിടിച്ചെടുത്തു.
കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഉള്ള ഉപകരണങ്ങളാണിവ. ഇവയിൽ പലതിലും അഞ്ച് വയസിനും 16 വയസിനും ഇടയിലുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്.
അറസ്റ്റിലായവരിൽ പലരും ഐടി മേഖലയിൽ ഉൾപ്പെടെ ഉയർന്ന ജോലി നോക്കുന്ന ചെറുപ്പക്കാരാണ്.
അതുകൊണ്ടുതന്നെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് അവർ ദൃശ്യങ്ങൾ അയച്ചിരുന്നതും സ്വീകരിച്ചിരുന്നതും.
ഉപകരണങ്ങളിൽ നിന്ന് ലഭിച്ച ചാറ്റുകൾ പരിശോധിച്ചതിൽ നിന്ന് പലരും കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു.
കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പങ്കുവയ്ക്കാനുള്ള നിരവധി ടെലിഗ്രാം, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും റെയ്ഡിൽ കണ്ടെത്തിയിട്ടുണ്ട്.
ഓപ്പറേഷൻ പി-ഹണ്ട് എന്ന പേരിൽ പോലീസ് റെയ്ഡ് വ്യാപകമാക്കിയതോടെ വാട്ട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ദൃശ്യങ്ങൾ കണ്ടശേഷം ആധുനിക സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ അവ മായ്ച്ചുകളയുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം ദൃശ്യങ്ങൾ കാണുന്ന ഫോണുകൾ മൂന്നുദിവസത്തിലൊരിക്കൽ ഫോർമാറ്റ് ചെയ്യുകയും ചെയ്യുന്നു. കുട്ടികളുമായുള്ള ലൈംഗികദൃശ്യങ്ങൾ പണം നൽകി ലൈവ് ആയി കാണാൻ അവസരം ഒരുക്കുന്ന ലിങ്കുകൾ നിലവിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്.