മലയാറ്റൂർ: മലയാറ്റൂർ മണപ്പാട്ട് ചിറയിൽ നിർമാണം ആരംഭിച്ച ചിൽഡ്രൻസ് പാർക്കിന്റെ പണികൾ പാതിവഴിയിൽ നിലച്ചതായി ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി അംഗം ടി.ഡി. സ്റ്റീഫൻ ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് മുന്‍പ് ചിൽഡ്രൻസ് പാർക്കിന് വേണ്ടി 1.5 കോടി രൂപ അനുവദിച്ചുവെന്ന് കാണിച്ച് ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.
തുടർന്ന് പണികൾ ആരംഭിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് വർഷത്തോളമായിട്ടും പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ലായെന്നു മാത്രമല്ല പണി തുടങ്ങിയത് ആരാണെന്നോ, എത്ര ഫണ്ട് ഇതിന് ഉപയോഗിച്ചുവെന്നോ, എന്തുകൊണ്ട് പണികൾ നിർത്തിവച്ചിരിക്കുന്നുവെന്നോ ഉദ്യോഗസ്ഥർക്ക് ഉത്തരമില്ലെന്ന് ടി.ഡി. സ്റ്റീഫൻ പറയുന്നു. ഈ സ്ഥലം വളർത്തു മൃഗങ്ങളുടെ മേച്ചിൽ കേന്ദ്രമായി മാറിയിരിക്കുകയാണ്.
മണപ്പാട്ടുചിറ ടൂറിസം വികസനത്തിന് വേണ്ടി കോടികളും മുടക്കി തുടങ്ങിയ നിരവധി നിർമാണ പ്രവർത്തനങ്ങളും നിലച്ച നിലയിലാണ്. തുടങ്ങിവച്ച പണികൾ പാതിവഴിയിൽ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് മലയാറ്റൂർ-നീലിശ്വരം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് നെൽസണ്‍ മാടവന അധ്യക്ഷത വഹിച്ചു.