സ്വന്തം ലേഖകൻ
കണ്ണൂർ: മൊബൈൽ ഫോണില്ലാതെ ഭക്ഷണം പോലും കഴിക്കാൻ തയാറാവാത്ത ഇന്നത്തെ കുരുന്നുകളുടെ ലോകത്ത് അതിൽനിന്നു മാറി മാലിന്യ നിർമാർജനത്തിന്റെ കൊച്ചാശയം വർണ വിസ്മയങ്ങളിലൂടെ കാട്ടിത്തരുകയാണ് മുണ്ടയാട്ടെ കൊച്ചു സഹോദരിമാർ.
മുണ്ടായാട് കരയൻ റോഡ് താവോറത്ത് ഹൗസിൽ രജിഷ് -കെ.പി. ലയമോൾ ദന്പതികളുടെ മക്കളായ ടി. ശ്രിയയും സഹോദരി മൂന്നു വയസുകാരി ടി. ശ്രീദിയയുമാണ് ഈ കൗതുകകാഴ്ചയൊരുക്കുന്നത്. വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ചുള്ള ഫോട്ടോ ഫ്രെയിം നിർമാണത്തിലാണ് ഇവരിന്ന്.
പകർച്ചവ്യാധിയിൽ വീർപ്പുമുട്ടുന്ന നാടിന് മാലിന്യസംസ്കരണം വലിയ ഭീഷണിയാകുന്പോൾ മാലിന്യ നിർമാർജനത്തിനായി കൊച്ചുമനസിലെ കൊച്ചാശയങ്ങൾ ഫോട്ടോ ഫ്രെയിമുകളിൽ തീർക്കുകയാണ് ബംഗളൂരുവിൽ രക്ഷിതാക്കളോടൊപ്പം കഴിയുന്ന ഇരുവരും.
കോവിഡ് കാലത്ത് മുണ്ടയാട്ടെ വീട്ടിൽ എത്തിയതോടെ കൂടുതൽ സമയവും വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ചുള്ള ഫോട്ടോ ഫ്രെയിം നിർമാണത്തിലാണ് ഈ കൊച്ചുമിടുക്കികൾ. 75 ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഓർമകളുമായി വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ച് 75 വിവിധ തരത്തിലുള്ള ഫോട്ടോ ഫ്രെയിമുകളാണ് ഇവർ ഒരുക്കിയത്.
നാം പൊതുസ്ഥലങ്ങളിലടക്കം വലിച്ചെറിയുന്ന മുട്ടതോട്, അടുക്കള മാലിന്യം, പഴയ ഡിവിഡി, കളർ പേപ്പർ, മിഠായി കവർ, ബട്ടൺ, ചില വിത്തുകൾ, പെൻസിൽ, മറ്റ് മാലിന്യങ്ങൾ, എന്നിവ ഉപയോഗിച്ചാണ് ഇവർ മനോഹരമായ ഫോട്ടോ ഫ്രെയിമുകൾ തീർക്കുന്നത്.
ബംഗളൂരു എസ്കലോൺസ് മോണ്ടിസറി ആൻഡ് ഡെ കെയറിൽ യുകെജി വിദ്യാഥിനിയായ ശ്രിയയെ ഇക്കാര്യത്തിൽ സഹായിക്കുകയാണ് സഹോദരി ശ്രീദിയയുടെ പ്രധാന ജോലി.