ഗാസ: ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 88 പേർ കൊല്ലപ്പെട്ടു. 135 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഹമാസ്-ഇസ്രയേൽ സംഘർഷത്തിൽ കൊല്ലപ്പെടുന്ന പലസ്തീൻ പൗരന്മാരുടെ എണ്ണം 31,272 ആയെന്ന് ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
യുദ്ധത്തിൽ പരിക്കേറ്റവരുടെ എണ്ണം 73,024 ആയി . യുദ്ധത്തിൽ ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടതിനെ പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി അപലപിച്ചു.
ഗാസയിൽ കഴിഞ്ഞ നാലു മാസത്തിനിടെ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം ലോകത്താകമാനം ഇക്കാലയളവിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണത്തേക്കാൾ പലമടങ്ങ് വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
പുറത്തു വരുന്ന കണക്കുകള്‍ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. ഈ യുദ്ധം കുട്ടികൾക്കെതിരായ യുദ്ധമാണ്. ഇത് അവരുടെ ബാല്യത്തിനും ഭാവിക്കും മേലുള്ള യുദ്ധമാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരം 12,300 കുട്ടികള്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.