കനത്ത മഴയില്‍ കേരളത്തിലെ ഒട്ടുമിക്ക അണക്കെട്ടുകളും നിറഞ്ഞു തുളുമ്പി. അപകടം ഒഴിവാക്കാനായി അവയില്‍ പലതും തുറന്നു വിടേണ്ടിയും വന്നു. ഏതാനും ദിവസങ്ങളായി ചാനലുകളിലും പത്ര മാധ്യമങ്ങളിലും ഇതുതന്നെ വാര്‍ത്തയും. ഡാം നിറയുന്നു, മുന്നറിയിപ്പുകള്‍ നല്കുന്നു, ഷട്ടറുകള്‍ തുറക്കുന്നു, വെള്ളം കുത്തിയൊഴുകുന്നു തുടങ്ങി പലതും.
ഇതൊക്കെ കാണുമ്പോള്‍, എല്ലാത്തിനോടും ആകാംക്ഷയുള്ള പ്രായത്തിലെ കുട്ടികള്‍ക്ക് അടങ്ങിയിരിക്കാനൊക്കുമോ. മഴയും വെള്ളപ്പൊക്കവും കാരണം കളക്ടര്‍ അവധി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ അവര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ഏതായാലും വലിയ ചേട്ടന്മാരെപ്പോലെ ഇടുക്കിയിലൊന്നും പോയി ഡാം തുറക്കുന്നത് കാണാനൊന്നും സാധിക്കില്ല. എന്നാല്‍ പിന്നെ ഒരു ഡാം സ്വയം നിര്‍മിച്ച് അതില്‍ വെള്ളം നിറച്ച് ഒഴുക്കി വിട്ടാലെന്താ എന്ന് അവര്‍ ചിന്തിച്ചു.
അങ്ങനെ കൂട്ടുകാരെല്ലാം ഒന്നിച്ച്, വീട്ടുകാരുടെയും നാട്ടുകാരുടെയും പിന്തുണയോടെ ഒരു ഡാം നിര്‍മിച്ചു. നിറഞ്ഞപ്പോള്‍ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കി വിട്ട് നിര്‍വൃതി അടയുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോയാണിത്. എവിടെയാണിത് നടക്കുന്നത്, ഈ കുട്ടികള്‍ ആരൊക്കെയാണ് എന്നൊന്നും വ്യക്തമല്ലെങ്കിലും ലക്ഷക്കണക്കിനാളുകളാണ് കൗതുകമുണര്‍ത്തുന്ന ഈ വീഡിയോ കണ്ടു കഴിഞ്ഞിരിക്കുന്നത്.
കാണുന്നവരെല്ലാം കുട്ടികളെ വാനോളം പുകഴ്ത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മുട്ടിലിഴയുന്ന കുട്ടി മുതല്‍ മൊബൈലിലും ടാബ്ലറ്റിലും കണ്ണു നട്ടിരിക്കുന്ന ഇക്കാലത്ത് ഇങ്ങനെയും കുട്ടികളുണ്ടോ എന്നാണ് മിക്കവരും ചോദിക്കുന്നത്. എല്ലാ കുട്ടികളും ഇതുപോലെ മണ്ണിനോടും പ്രകൃതിയോടും അടുപ്പം കാട്ടി ജീവിച്ചിരുന്നെങ്കില്‍ എന്ന് ആശ പ്രകടിപ്പിക്കുന്നവരുമുണ്ട്. ദുരന്ത മുഖങ്ങളില്‍ ചെന്ന് സെല്‍ഫിയെടുത്ത് രസിക്കുന്നവര്‍ ഈ കുട്ടികളെ മാതൃകയാക്കണമെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.