തികച്ചും വ്യത്യസ്തമായ ഒരു കത്ത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മൂന്ന് കുട്ടികള്‍ ചേര്‍ന്നെഴുതിയ ഒരു കത്ത്. തങ്ങളുടെ വീട്ടില്‍ നിന്ന് ആരോ മേടിച്ചുകൊണ്ടുപോയ ആടുകളെ കാണാന്‍ തങ്ങള്‍ക്ക് അനുവാദം തരുമോ എന്ന് ചോദിച്ചുകൊണ്ട് ആടുകളുടെ പുതിയ ഉടമയ്ക്ക് എഴുതിയ കത്താണിത്.
ആട്ടിന്‍കുട്ടികളെ കാണാനായി വിറ്റ ആളിന്റെ വീട് തേടിപിടിച്ച് എത്തിയതാണ് കുട്ടികള്‍. എന്നാല്‍ ഉടമസ്ഥന് ഇല്ലാതിരുന്നതിനാല്‍ കാണാന്‍ അനുവാദം ലഭിച്ചില്ല. ഇതേതുടര്‍ന്ന് ഒരു കത്ത് എഴുതിവെച്ചിട്ടാണ് ഇവര്‍ പോയത്. ആ കത്താണ് പിന്നീട് വൈറലായത്. മലയാളി ഒന്നടങ്കം തേടിയ ആ കുട്ടികളെ കണ്ടെത്തി കുറിപ്പിട്ടിരിക്കുകയാണ് നിധിന് എന്ന യുവാവ്.
കുറിപ്പ് വായിക്കാം: ‘ഇതാണ് മലയാളികള്‍ തേടി നടന്ന ആ കുട്ടികള്‍. തങ്ങളുടെ പ്രിയപ്പെട്ട ആട്ടിന്‍ കുട്ടികളെ കാണുവാന്‍ അനുവാദം തരണമെന്ന ആവശ്യവുമായി രണ്ട് കുട്ടികള്‍ എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആ കുട്ടികള്‍ക്ക് അഭിനന്ദനങ്ങളുമായി നിരവധി ആളുകള്‍ എന്നെ ബന്ധപ്പെട്ടിരുന്നു.
കൊല്ലം ശാസ്താംകോട്ട ബിഷപ്പ് എം എം സി എസ് പി എം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ അലീന കോശി, നാലാം ക്ലാസ് വിദ്യാര്‍ഥി ജോര്‍ജി കോശി, ഒന്നാം ക്ലാസ് വിദ്യാര്‍ഥി ആരോണ്‍ എസ് മാത്യു എന്നീ കുട്ടികളാണ് ആ കത്തിന് പിന്നില്‍. ചക്കുവള്ളി തെക്കേഭാഗത്ത് വീട്ടില്‍ കോശിയുടെയും സുനി കോശിയുടെയും മക്കളാണ് ഈ കുട്ടികള്‍. ഇവര്‍ ബഹ്റൈനില്‍ താമസമായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കുട്ടികളെ നാട്ടിലെ സ്കൂളില്‍ ചേര്‍ത്തത്. കുട്ടികള്‍ ഇപ്പോള്‍ ആട്ടിന്‍ കുട്ടികള്‍ക്കൊപ്പം ഈ വേനല്‍ക്കാലം അടിച്ചു പൊളിക്കുവാണ്. ഒരു നിമിഷത്തേക്ക് എങ്കിലും ബാല്യത്തിന്റെ മധുരമുള്ള ഓര്‍മകളിലേക്ക് മലയാളികളെ കൊണ്ടുപോകുവാനും സഹജീവി സ്നേഹത്തിന്റെ ആഴവും പരപ്പും നമ്മുക്ക് കാണിച്ചു തരുവാനും ആ കത്തിലൂടെ ഈ കുട്ടികള്‍ക്ക് സാധിച്ചു. പ്രിയപ്പെട്ട കുഞ്ഞു മക്കള്‍ക്ക് ഒരായിരം ഉമ്മകള്‍.’ നിധിന് കുറിച്ചു.