ആരാണ് യഥാർഥ ഹീറോ? ഈ സംഭവം വായിച്ചു കഴിയുന്പോൾ നിങ്ങളുടെ മനസിലും ആശയക്കുഴപ്പമുണ്ടാവും തീർച്ച. ഇനി സംഭവത്തിലേക്ക് വരാം. അമേരിക്കയിലെ അരിസോണയിൽ കഴിഞ്ഞ മൂന്നായിരുന്നു ആ അപകടം.
മുൻ യുഎസ് മറൈൻ ഉദ്യോഗസ്ഥനും ഫുട്ബോൾ കളിക്കാരനുമായ ഫിലിപ്പ് ബ്ലാക്സ് തന്റെ അപ്പാർട്ട്മെന്റിൽ കൂട്ടുകാരനൊപ്പം ഇരിക്കുന്പോഴാണ് ഒരു നിലവിളി ശബ്ദം കേട്ടത്. എന്താണ് സംഭവിച്ചതെന്ന് ആലോചിക്കുന്പോൾ വീണ്ടും ആ സ്ത്രീ ശബ്ദം അന്തരീക്ഷത്തിൽ ഉയർന്നു- “തീ…തീ.. രക്ഷിക്കണെ’.
ഫിലിപ്പ് പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല. അതിവേഗം ശബ്ദംകേട്ട ഭാഗത്തേക്ക് ഒാടി. അവിടെ കണ്ട കാഴ്ച ഭീകരമായിരുന്നു. ഫിലിപ്പിന്റെ അപ്പാർട്ട്മെന്റിന് അടുത്തുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയെ തീവിഴുങ്ങിയിരിക്കുന്നു.
അവിടെ താമസിക്കുന്ന സ്ത്രീയാണ് നിലവിളിക്കുന്നത്. സ്ത്രീയുടെ ശരീരത്തിലും തീ പിടിച്ചിട്ടുണ്ട്. അവരുടെ കൈയിൽ ഒരു കുഞ്ഞുമുണ്ട്. പക്ഷെ ആ കൂഞ്ഞിന് പൊള്ളലേറ്റിട്ടില്ല. ആ കാഴ്ച കണ്ട് ഫിലിപ്പ് ഒരു നിമിഷം സ്തംഭിച്ചുപോയി. പക്ഷെ അതിന് നിമിഷങ്ങളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു.
ഫിലിപ്പിനെ കണ്ട് ആ സ്ത്രീ തന്റെ സർവ ശക്തിയുമെടുത്ത് കൂഞ്ഞിനെ ഫിലിപ്പിന്റെ നേർക്ക് എറിഞ്ഞു. ഞെടിയിടയിൽ ഫിലിപ്പ് സുരക്ഷിതമായി കുഞ്ഞിനെ കൈലൊതുക്കി.
എല്ലാം നിമിഷ നേരംകൊണ്ട് കഴിഞ്ഞു. പക്ഷെ ആ അമ്മയെ അപ്പോഴേയ്ക്കും തീജ്വാലകൾ പൊതിഞ്ഞു. രക്ഷാപ്രവർത്തകർ എത്തിയപ്പോഴേക്കും അവരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. റേച്ചൽ ലോങ്, അതാണ് ആ അമ്മയുടെ പേര്. മൂന്നു വയസുകാരനായ ജാമിസണെയാണ് റേച്ചൽ രക്ഷിച്ചത്.
തീപിടിച്ച സമയം വേറെ ആരും ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല. സ്വന്തം ജീവൻവെടിഞ്ഞും കുഞ്ഞിനെ സുരക്ഷിതയാക്കിയ റേച്ചലിനെക്കുറിച്ച് നൂറു നാവാണ് അയൽക്കാർക്ക്. കുട്ടിയെ സുരക്ഷിതമാക്കിയ ഫിലിപ്പിനും അഭിനന്ദന പ്രവാഹമാണ്.
തന്റെ ഫുട്ബോൾ പരിശീലന പരിചയമാണ് വേഗത്തിൽ ഒാടിയെത്തി കുട്ടിയെ പിടിക്കാൻ സഹായിച്ചതെന്നാണ് ഫിലിപ്പ് പറയുന്നത്. ഇനി പറയൂ, ആരാണ് യഥാർഥ ഹീറോ?