തൊടുപുഴ: പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ മുളകുപൊടിയെറിഞ്ഞ് ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്കിയ അമ്മയും മകളും ഒളിവില്‍.
തൊടുപുഴ ഇഞ്ചിയാനി കുറവന്‍പറമ്പില്‍ മില്‍ക്ക, മകള്‍ അനീറ്റ എന്നിവര്‍ക്കായാണ് പോലീസ് അന്വേഷണം ഊര്ജിതപ്പെടുത്തിയത്. ഇഞ്ചിയാനി പുറക്കാട്ട് ഓമനക്കുട്ടനു (44) നേരെയായിരുന്നു കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.
ഓമനക്കുട്ടനോടുള്ള വൈരാഗ്യം നിമിത്തം കാല് തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഇവരുടെ അയല്‍വാസിയായ മില്‍ക്കയും മകള്‍ അനീറ്റയുമാണെന്നാണ് പോലീസ് കണ്ടെത്തിയത്.
സംഭവത്തില്‍ കൊച്ചിയിലെ ക്വട്ടേഷന്‍ സംഘാഗങ്ങളും പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതികളുമായ ചേരാനല്ലൂര്‍ അമ്പലക്കടവ് ചൂരപ്പറമ്പില്‍ സന്ദീപ് (27), വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറമ്പില്‍ ശ്രീജിത്ത് (25) എന്നിവരെ ചേരാനല്ലൂര്‍ പോലീസിന്റെ സഹായത്തോടെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 26നായിരുന്നു സംഭവം. വീടിനു സമീപമുള്ള ഇടറോഡില്‍ കൂടി നടന്നുവരികയായിരുന്ന ഓമനക്കുട്ടനെ സ്കൂട്ടറിലെത്തിയ പ്രതികള്‍ ആക്രമിക്കുകയായിരുന്നു.
ഇടതുകാലിന് കല്ലിനിടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഓമനക്കുട്ടന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്താണ് പ്രതികള്‍ രക്ഷപ്പെട്ടത്. പ്രതികള്‍ വാഹനത്തില്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു.