കരകയറ്റിയെടുക്കാനുള്ള തീവ്ര ശ്രമത്തിനിടെ അടിയ്ക്കടി പുതുമയുള്ള പദ്ധതികളുമായി എത്തുന്ന കെഎസ്ആര്‍ടിസി ഇപ്പോള്‍ പുതിയ പദ്ധതിയുമായി രംഗത്ത്. ചില് ബസ് എന്നാണ് പദ്ധതിയുടെ പേര്. ചെറിയ റൂട്ടുകളിലോടുന്ന ലോ ഫ്ളോര്‍ എസി ബസുകളെ പിന്‍വലിച്ച് ദീര്‍ഘ ദൂര റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന ചില് ബസ് പദ്ധതിയുമായാണിത്. നിലവില്‍ കെയുആര്‍ടിസിയുടെ കീഴിലുള്ള 219 എസി ലോ ഫ്ലോര്‍ ബസുകളെയാണ് ചില് ബസ് സര്‍വീസിന് ഉപയോഗിക്കുക.
ഓഗസ്റ്റ് ഒന്നുമുതല്‍ പദ്ധതി ആരംഭിക്കും. പുലര്‍ച്ചെ അഞ്ച് മുതല്‍ രാത്രി 10 വരെ ഓരോ മണിക്കൂര്‍ ഇടവിട്ടാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ ഓണ്‍ലൈനായി സീറ്റ് ബുക്ക് ചെയ്യുന്നതിന് സൗകര്യമുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഡിപ്പോകള്‍ മാത്രം ആസ്ഥാനമാക്കിയിരിക്കും ഇനി എസി ലോ ഫ്ലോര്‍ ബസുകളുടെ സര്‍വീസ്. വോള്‍വോ കമ്പനിയില്‍നിന്ന് അറ്റകുറ്റപ്പണികള്‍ക്ക് ഓരോ ഡിപ്പോയിലും ആളെത്തണം എന്നതാണ് ബസുകള്‍ ആഴ്ചകളോളം ഡിപ്പോകളില്‍ കിടക്കുന്നതിന് കാരണമാകുന്നത്.
അതിനാല്‍ ഇനിമുതല്‍ മൂന്ന് ഡിപ്പോകളില്‍ മാത്രമായി ഇതിന്റെ ഓപ്പറേഷനും മെയിന്റനന്‍സും ചുരുക്കും. അതിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസുകള്‍ നിശ്ചയിക്കുകയും ചെയ്യും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരത്തുവരെയുള്ള ദീര്ഘദൂരസര്വീസുകള്ക്കാണ് ഇനി ഈ ലോ ഫ്ളോര്‍ ബസുകളെത്തുക.
അതിനിടെ മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ ,ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സങ്കുചിത താല്പര്യങ്ങളും അവകാശവും സ്വാതന്ത്ര്യവും ത്യജിച്ച് സ്ഥാപനത്തെ രക്ഷിക്കാന്‍ കൈകോര്‍ക്കണമെന്നു കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ.തച്ചങ്കരി കത്തിലൂടെ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.