ന്യൂഡല്‍ഹി: ആളുകളെല്ലാം കൈയില്‍ പണമില്ലാതെ വിഷമിക്കുമ്പോള്‍ രാജ്യതലസ്ഥാനത്ത് ഒരാള്‍ വിഷമിച്ചത് മാറിക്കിട്ടിയ ചില്ലറയെല്ലാം ഏങ്ങനെ കൊണ്ടുപോക മെന്നോര്‍ത്തായിരുന്നു. അത്രക്കുണ്ടായിരുന്നു ഇംത്യാസ് അലാം എന്ന 38 വയസുകാരന് ബാങ്കില്‍ നിന്ന് ലഭിച്ച ചില്ലറക്കൂട്ടം.
നാലു മണിക്കൂര്‍ പൊരിവെയിലത്ത് ക്യൂ നിന്നാണ് അലാം ഡല്‍ഹിയിലുള്ള ബാങ്കിന്റെ ക്യാഷ് കൗണ്ടറിലെത്തിയത്. അടിയന്തരാവശ്യത്തിന് കൂടുതല്‍ പണം ആവശ്യമായിരുന്ന അലാമിന് 2,000 രൂപ മാറി നല്‍കാനെ നിര്‍വാഹമുള്ളു എന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മനേജരെ നേരില്‍ക്കണ്ട് അത്യാവശ്യം പറഞ്ഞപ്പോള്‍ 20,000 രൂപ നല്‍കാമെന്നായി. അത്രയുമായല്ലോ എന്ന് കരുതി പണത്തിന് കൈനീട്ടിയ അലാമിനോട് കൈ നീട്ടിയിട്ട് കാര്യമില്ല വലിയ സഞ്ചി വേണമെന്ന് ജീവനക്കാരി അറിയിച്ചു. അതിന്റെ ഒന്നും ആവശ്യമില്ല തനിക്ക് 20,000 രൂപ കൊണ്ടുപോകാന്‍ ഷര്‍ട്ടിലും പാന്‍സിലുമുള്ള കീശകള്‍ ധാരാളമെന്ന് അലാമും പറഞ്ഞു.
എങ്കില്‍ ശരി ഇന്നാ പോക്കറ്റിലിട്ടോ എന്ന പറഞ്ഞു ജീവനക്കാരി നല്‍കിയ ചില്ലറക്കൂട്ടം കണ്ട് അലാം നക്ഷത്രമെണ്ണി. 10 രൂപയുടെ നാണയങ്ങളായാണ് ബാങ്ക് അലാമിന് 20,000 രൂപ നല്‍കിയത്.എന്തിന് ഏറെപ്പറയുന്നു നടന്നു ബാങ്കിലെത്തിയ അലാം തിരിച്ചു പോയത് വണ്ടിവിളിച്ചാണ്. കുറച്ച് കഷ്ടപ്പെട്ടെങ്കിലും പണം കിട്ടിയതിന്റെ സന്തോഷം അലാമിനുണ്ട്. ഒരു ബുദ്ധിമുട്ടേയുള്ളൂ… നടക്കുമ്പോഴുളള ഈ കിലുക്കം.