ന്യൂഡൽഹി: ചില്ലറവിലസൂചിക (സിപിഐ) ആധാരമാക്കിയുള്ള വിലക്കയറ്റത്തിൽ ഗണ്യമായ ഇടിവ്. 2017 ഡിസംബറിലെ 5.21 ശതമാനത്തിൽനിന്ന് 2.19 ശതമാനത്തിലേക്കാണ് ഇക്കഴിഞ്ഞ ഡിസംബറിൽ ചില്ലറവിലക്കയറ്റം താണത്. നവംബറിൽ ഇത് 2.33 ശതമാനമായിരുന്നു.
ഭക്ഷ്യവിലകൾ തലേ ഡിസംബറിൽ 4.96 ശതമാനം കയറിയ സ്ഥാനത്ത് ഈ ഡിസംബറിൽ 2.51 ശതമാനം കുറഞ്ഞു. നവംബറിൽ 2.61 ശതമാനം കുറഞ്ഞതാണ്.
പഴങ്ങൾ, പച്ചക്കറികൾ, മുട്ട, പയർവർഗങ്ങൾ, പഞ്ചസാര എന്നിവയ്ക്കെല്ലാം വില താണു. മുട്ടയ്ക്ക് 4.34 ശതമാനം, പഴങ്ങൾക്ക് 1.41 ശതമാനം, പച്ചക്കറികൾക്ക് 16.14 ശതമാനം, പയറുവർഗങ്ങൾ 7.13 ശതമാനം, പഞ്ചസാര 9.22 ശതമാനം എന്നിങ്ങനെയാണ് വിലയിടിഞ്ഞത്. പ്രായോഗികമായി കാർഷികോത്പന്നങ്ങളുടെ വില താണു. എന്നാൽ മറ്റുള്ള സാധനങ്ങൾക്കും സേവനങ്ങൾക്കും വില കൂടി. കാർഷികോത്പന്ന വിലയിടിവാണ് വിലക്കയറ്റത്തിലെ ഇടിവായി കാണുന്നത്.
മൊത്തവിലക്കയറ്റം ഗണ്യമായി കുറഞ്ഞു
ന്യൂഡൽഹി: ഇന്ധന, ഭക്ഷ്യവിലകൾ ഇടിഞ്ഞ സാഹചര്യത്തിൽ മൊത്തവിലസൂചിക (ഡബ്ല്യുപിഐ) ആധാരമാക്കിയുള്ള വിലക്കയറ്റം വീണ്ടും താണു. ഇപ്പോൾ എട്ടു മാസത്തിനിടയിലെ ഏറ്റവും താണ നിലയിലാണ് വിലക്കയറ്റ നിരക്ക്. ഡിസംബറിൽ നിരക്ക് 3.8 ശതമാനമായി കുറഞ്ഞു. നവംബറിൽ 4.64 ശതമാനമായിരുന്നു നിരക്ക്.
എന്നാൽ, തലേ ഡിസംബറിനെ അപേക്ഷിച്ച് വിലക്കയറ്റം കൂടുതലാണ്. 2017 ഡിസംബറിൽ 3.58 ശതമാനമേ ഉണ്ടായിരുന്നുള്ളൂ വിലക്കയറ്റം.
ഭക്ഷ്യവസ്തുക്കളുടെ വില 0.07 ശതമാനം കുറഞ്ഞപ്പോൾ പച്ചക്കറികൾക്കു 17.55 ശതമാനമാണ് വിലയിടിവ്. ഇന്ധനം, വൈദ്യുതി വിഭാഗത്തിന്റെ വിലക്കയറ്റം തലേമാസത്തെ 16.28 ശതമാനത്തിൽനിന്ന് 8.38 ശതമാനമായി കുറഞ്ഞു. പയർവർഗങ്ങൾക്ക് 2.11 ശതമാനം വിലക്കയറ്റമേയുള്ളൂ. സവാളവിലയിൽ 63.83 ശതമാനമാണ് ഇടിവ്.