അവർക്ക് പെട്ടെന്നു കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി. ജീവൻ നഷ്ടപ്പെടുമോ എന്നുപോലും ഭയന്നു. മുഖം ചുവന്നു. കണ്ണുനിറഞ്ഞൊഴുകി. വല്ലാതെ വിയർത്തു.
വയറുവേദനകൊണ്ടു പുളഞ്ഞു. പ്രസവവേദന അനുഭവിക്കുകയാണോ എന്നുപോലും തോന്നിപ്പോയി. എന്തെങ്കിലും ചിന്തിക്കുന്നതിനു മുൻപുതന്നെ സ്റ്റേജിൽ ഛർദിച്ചു. എന്തായിരിക്കാം സിദ് പട്ടേൽ ബാർബർ എന്ന അൻപത്തിയാറുകാരിക്ക് സംഭവിച്ചത്?
പ്രസവവേദനയേക്കാൾ വലിയ വേദനയെന്തെന്നു രണ്ടു കുട്ടികളുടെ അമ്മ കൂടിയായ സിദ്ദിനോടു ചോദിച്ചാൽ അവർ പറയും മുളകുകളുടെ കൂട്ടത്തിലെ വില്ലനായ കരോളീനാ റീപ്പർ കഴിക്കുന്നതാണെന്ന്. ഇനി എന്തിനാണ് ഇതു കഴിച്ചതെന്നു ചോദിച്ചാൽ ഇവർ പറയും ” വെറുതേ ഒരു രസത്തിന് ചെയ്തതാണ്’ എന്ന്.
നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ചെയ്യുന്ന വീ ആർ ദ ചാന്പിയൻസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്പോൾ ഷോയുടെ റ്റൈറ്റിൽ വിന്നർ ആവുക എന്നതിനൊപ്പം സമ്മാനത്തുകയായ 1000 പൗണ്ടും സിദ്ദിന്റെ ലക്ഷ്യമായിരുന്നു. സ്മോക്കിംഗ് എഡ് ക്യൂറി അവതരിപ്പിച്ച പരിപാടിയിൽ സിദ്ദ് ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.
കാന്താരിയൊക്കെ ചെറുത്!
ഒരു കാന്താരി മുളകു കഴിച്ചാൽ പോലും നമ്മളിൽ പലരുടെയും കിളിപോകും. അപ്പോൾപിന്നെ കരോളീന റീപ്പർ കഴിക്കുന്നവരുടെ അവസ്ഥ പറയണോ? മുളകു ഭീകരനാണെങ്കിലും വീ ആർ ദ ചാന്പിയൻസിന്റെ നിയമങ്ങൾ വളരെ സിംപിളാണ്.
ഒരു മത്സരാർഥിക്കു നൽകുന്ന മുളക് അയാൾ തണ്ടുൾപ്പെടെ മുഴുവനായി കഴിക്കണം. മുളകുകൾ എല്ലാം കഴിച്ചു കഴിക്കുന്നതുകൊണ്ടു മാത്രം അടുത്ത റൗണ്ടിലേക്കു കടക്കാനാവില്ല. കഴിച്ചതിനു ശേഷം മത്സരാർഥി ഛർദിക്കാനും പാടില്ല.
സ്കോവൈലിലാണ് മുളകിന്റെ എരിവ് നിശ്ചയിക്കുന്നത്. പലപ്പോഴും മത്സരാർഥികൾ മത്സരവേദികളിൽ കുഴഞ്ഞു വീഴുകയും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എരിവുണ്ട്, എന്നിട്ടും
ഇതൊക്കെയാണെങ്കിലും സിദ്ദിനെ സംബന്ധിച്ച് ഈ എരിവ് ഒന്നും വലിയ സംഭവമല്ല. ചെറുപ്പം മുതൽ എരിവു കഴിച്ചു വളർന്ന തനിക്ക് എന്ത് എരിവ് എന്നാണ് സിദ്ദ് ചോദിക്കുന്നത്.
കരോളീന റീപ്പർപോലുള്ള അത്യുഗ്രൻ മുളകുകൾ കഴിക്കുന്പോൾ എന്നിൽ ഒരുതരം അഡ്രിനാലിൻ റഷ് സംഭവിക്കുന്നതായി തോന്നാറുണ്ട്. പ്രസവവേദന പോലുള്ള വേദന അനുഭവപ്പെടും. പ്രസവവേദന അനുഭവിച്ചിട്ടുള്ള മിക്ക സ്ത്രീകളും കരുതിയിട്ടുണ്ടാകും ഇനി ഇതിലൂടെ എനിക്കു കടന്നു പോകേണ്ട എന്ന്.
പക്ഷേ, അധികം വൈകാതെ തന്നെ അമ്മമാർ ഈ വേദന മറക്കും. ഇതു തന്നെയാണ് റീപ്പറിന്റെ എരിവുമായി എനിക്കുള്ള അനുഭവവും. ഓരോ പ്രാവശ്യം ഞാൻ മത്സരത്തിൽ പങ്കെടുക്കുന്പോഴും എന്റെ ഭർത്താവിന്റെ സഹായത്തോടെയാണ് ഞാൻ സ്റ്റേജിൽ നിന്ന് ഇറങ്ങുന്നത്.
അത്രയേറെ അവശയായിട്ടുണ്ടാകും ഞാൻ അപ്പോഴേക്കും. കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്നു തോന്നുന്പോൾ ഞാൻ കാലു നിറത്ത് തട്ടി ബാലൻസ് ചെയ്യാൻ ശ്രമിക്കാറുണ്ട്. ഇതു ഫലം കാണാറുണ്ടെങ്കിലും ആ ആശ്വാസം അധികനേരം നീണ്ടു നിൽക്കാറില്ല…
മറക്കാത്ത ദിനം
2015ലാണ് സിദ്ദ് ആദ്യമായി മത്സരിക്കാനെത്തുന്നത്. അതേക്കുറിച്ച് സിദ്ദ് പറയുന്നതിങ്ങനെ: ആ ദിവസം എനിക്കൊരിക്കലും മറക്കാനാവില്ല. മത്സരത്തിനായി എത്തിയ എനിക്കു മുന്നിൽ ആദ്യം അവർ തന്നത് കാന്താരി മുളകാണ്.
സാമാന്യം നല്ല എരിവുള്ള വർഗമാണെങ്കിൽ പോലും എനിക്കതു നിസാരമായിരുന്നു. എന്തെന്നാൽ ഞാൻ നന്നേ ചെറുപ്പം മുതൽ കാന്താരി മുളക് വെറുതേ കഴിക്കുന്ന ആളായിരുന്നു. എന്നാൽ, ഓരോ ഘട്ടവും മുന്നോട്ടു പോകുന്തോറും മുളകു വർഗങ്ങൾ മാറിക്കൊണ്ടേയിരുന്നു.
ഒടുവിൽ, പത്താമത്തെ ഘട്ടത്തിൽ എല്ലാവരുടെയും പേടി സ്വപ്നമായ റീപ്പറും കിട്ടി. എരിവുകൊണ്ട് തലച്ചോറുവരെ മരവിക്കുന്ന അവസ്ഥയിലെത്തിയെങ്കിലും ഞാനതു മുഴുവൻ കഴിച്ചു. മുളകു കഴിച്ചവസാനിപ്പിച്ചു സ്റ്റേജിൽ നിന്നു താഴേക്കിറങ്ങാൻ എനിക്കായില്ല.
തലയ്ക്കുള്ളിൽ ഒരുതരം മൂളലും പെരുപ്പും. ഒപ്പം കഠിനമായ വയറുവേദനയും. നാവിലൂടെ എന്തോ ഉരുകിയിറങ്ങുന്നതുപോലെ തോന്നി. ഇതൊക്കെയാണെങ്കിലും അന്ന് ഒപ്പം മത്സരിച്ചവരെ തോൽപ്പിച്ചു സമ്മാനത്തുകയായ 50 പൗണ്ട് (ഏകദേശം അയ്യായിരം രൂപ) ഞാൻ സ്വന്തമാക്കി.(ശേഷം പോജ് 11 ൽ…)
വൈദ്യസഹായം
ആദ്യ മത്സരം വലിയ വെല്ലുവിളികളും ശാരീരിക അവശതകളും ഇല്ലാതെ കടന്നു പോയെങ്കിലും രണ്ടാം വട്ടം ഭാഗ്യം തുണച്ചില്ല. രണ്ടാമത്തെ മത്സരത്തിൽ 13 ഘട്ടങ്ങളാണുണ്ടായിരുന്നത്. ഇതിലും സിദ്ദ് വിജയിയായെങ്കിലും വീട്ടിൽ എത്തുന്നതിനു മുൻപു തന്നെ ശാരീരിക അസ്വസ്തതകൾ അവരെ അലട്ടിത്തുടങ്ങി. ഒടുവിൽ വൈദ്യസഹായവും തേടേണ്ടി വന്നു. അതിനുശേഷം അവർ പലപല പ്രാദേശിക മത്സരങ്ങളിൽ മാത്രമായി ഒതുങ്ങുക്കൂടി. അടുത്തിടെ സിദ്ദ് മുളകു കഴിക്കുന്ന ഒരു വീഡിയോ വൈറലായതോടെ അവർക്ക് വീണ്ടും അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് ക്ഷണം ലഭിച്ചു. അങ്ങനെയാണ് നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ചെയ്യുന്ന വീ ആർ ദി ചാന്പിയൻസിലും സിദ്ദ് എത്തുന്നത്.
മുളക് താരങ്ങൾ
എഡ് ക്യൂറി വികസിപ്പിച്ചെടുത്ത കരോലീന റീപ്പറിൽനിന്ന് ആരംഭിച്ച് 2.5 സ്കോവില്ലേ യൂണിറ്റ് വരെയുള്ള മുളകുകൾ സിദ്ദിനു കഴിക്കേണ്ടിവന്നു. റീപ്പറിന്റെ തന്നെ വകഭേദമായ റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്ന മുളകും കൂട്ടത്തിലുണ്ടായിരുന്നു.
മത്സരത്തിൽ സിദ്ദിനൊപ്പം അവസാന റൗണ്ടിലുണ്ടായിരുന്നത് ബെല്ലാ പീറ്റേഴ്സും ഡസ്റ്റിൻ ജോൺസണും ആയിരുന്നു. മത്സരത്തിൽ ഡസ്റ്റിൻ ജോൺസൺ വിജയിയായി. നാൽപ്പത് റീപ്പർ മുളകുകളാണ് ഇതേവരെയുള്ള സിദ്ദിന്റെ റിക്കാർഡ്.
മുളകു വികസിപ്പിച്ചെടുക്കുന്നതിലൂടെ കോടീശ്വരനായ വ്യക്തിയാണ് എഡ് ക്യൂറി. അതോടെ മുളക് വ്യവസായത്തിൽ മുളകിനും അതിന്റെ വിത്തിനും ആവശ്യകത വർധിച്ചു. ” ഏതു വലിയ എരിവും എനിക്കിപ്പോൾ നിസാരമാണ്.
പലരും ഭയങ്കര എരിവ് എന്നു പറഞ്ഞു മാറ്റിവയ്ക്കുന്ന കറിയിലേക്കു കൂടുതൽ മുളക് ചേർത്താകും ഞാൻ കഴിക്കുക. റെസ്റ്ററന്റുകളിൽ ഭക്ഷണം കഴിക്കാൻ പോയാൽ അവിടുത്തെ ഏറ്റവും എരിവു കൂടിയ കറിയാകും ഞാൻ ഓർഡർ ചെയ്യുന്നത്.
കൂടാതെ എപ്പോഴും എന്റെ പക്കൽ കുറച്ച് മുളകുകളും ഹോട്ട് സോസും ഉണ്ടാകും. ഐസ് ക്രീമിൽ പോലും ഞാൻ ഹോട്ട് സോസ് ഒഴിച്ചാണ് കഴിക്കുന്നത്’ സിദ്ദ് പറയുന്നു.
എങ്ങനെ ചില്ലി ചാന്പ്യനാകാം?
ചില്ലി ഈറ്റിംഗ് എന്ന ലോകോത്തര നിലവാരത്തിലുള്ള മത്സരം ഭീരുക്കൾക്കുള്ളതല്ല. എന്നാൽ അതിൽ മത്സരിക്കാനുള്ള മനസും ആവേശവും നിങ്ങൾക്കുണ്ടെങ്കിൽ ക്ലിഫ്റ്റൺ ചില്ലി ക്ലബ് മുന്നോട്ടു വയ്ക്കുന്നനിർദേശങ്ങൾ ശ്രദ്ധിക്കാം.
* തുടക്കം കാന്താരി മുളകുപോലുള്ള എരിവ് താരതമ്യേന കുറഞ്ഞ ഇനങ്ങളിൽ നിന്നാകാം.
* പാലോ പാലുത്പന്നങ്ങളോ പതിവായി കഴിക്കുന്നതിലൂടെ വയറിനുള്ളിലെ എരിച്ചിൽ നിയന്ത്രിക്കാൻ സാധിക്കും.
* ഒപ്പമുള്ള മത്സരാർഥികളുമായി സ്വയം താരതമ്യം ചെയ്യാതിരിക്കുക
* പൊതുവേ ആണുങ്ങളാണ് ചില്ലി ഈറ്റിംഗ് മത്സരത്തിൽ പങ്കെടുക്കുന്നതെങ്കിലും സ്ത്രീകൾ മത്സരിച്ചാൽ വിജയികളാകാനുള്ള സാധ്യത കൂടുതലാണ്.
* മറ്റുള്ളവരുടെ പ്രതികരണങ്ങൾ നിങ്ങളെ സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക
*
കരോലീന റീപ്പർ
ലോകത്തിലെ ഏറ്റവും എരിവുള്ള മുളകിനുള്ള ഗിന്നസ് റിക്കാർഡ് കരോലീന റീപ്പറിന്റെ പേരിലാണുള്ളത്. അപ്പോൾ തന്നെ ഇതിന്റെ എരിവിനെക്കുറിച്ച് ഒരു ധാരണ കിട്ടിക്കാണുമല്ലോ? 1.6 മില്ല്യൺ സ്കോവില്ലേ യൂണിറ്റാണ് ഈ മുളകിന്റെ എരിവ്.
അമേരിക്കയിലെ സൗത്ത് കരോലീന സ്വദേശിയാണ് ഈ മുളക്. അമേരിക്കക്കാരനായ എഡ് ക്യൂറിയാണ് ഈ മുളക് വികസിപ്പിച്ചെടുത്തത്. ഗവേഷകൻ കൂടിയായ എഡ് പുക്കർ ഭട്ട് പെപ്പർ കന്പനിയുടെ സ്ഥാപകനുമാണ്. കാഴ്ചയിൽ ചുവന്നു തുടുത്ത സുന്ദരനാണെങ്കിലും ആൾക്കാരെ ആശുപത്രിയിലാക്കാൻ മാത്രം കടുപ്പമുള്ള എരിവാണ് ഈ ഭീകരന്റെയുള്ളിൽ. കൂർത്ത അഗ്രമാണ് കരോലീന റീപ്പറിന്റെ പ്രത്യേകത.
സ്കോവില്ലേ ഹീറ്റ് യൂണിറ്റ്
എരിവിന്റെ കാഠിന്യം അളക്കാനുള്ള യൂണിറ്റാണ് സ്കോവില്ലേ ഹീറ്റ് യൂണിറ്റ്. മുളകുകൾക്കു പുറമേ മസാലകളുടേയും എരിവ് എസ് എച്ച് യൂണിറ്റിലാണ് അളക്കുന്നത്. അമേരിക്കൻ സ്വദേശിയായ ഫാർമസിസ്റ്റ് വിൽബർ സ്കോവില്ലെയാണ് ഈ യൂണിറ്റ് കണ്ടുപിടിച്ചത്.