ന്യൂയോർക്ക്: കോവിഡ് മഹാവ്യാധി കുട്ടികളുടെ ഭാവിക്കു വലിയ വെല്ലുവിളി സൃഷ്ടിച്ചതായി ഐക്യരാഷ്ട്രസഭയുടെ കുട്ടികൾക്കായുള്ള ഏജൻസി യുണിസെഫ്. ദാരിദ്ര്യവും അസമത്വവും വർധിച്ചു.
പത്തുകോടി കുട്ടികൾകൂടി ദാരിദ്ര്യത്തിലേക്കു തള്ളപ്പെട്ടു. കുട്ടികളുടെ അവകാശങ്ങൾ വ്യാപകമായി ഹനിക്കപ്പെടുന്നു.
യുണിസെഫിന്റെ 75 വർഷത്തെ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ പ്രതിസന്ധിയും വെല്ലുവിളിയുമാണിത്.
11ന് യുണിസെഫിന്റെ വാർഷികം ആചരിക്കുന്നതിനു മുന്നോടിയായി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
എത്ര മികച്ച രീതിയിൽ നേരിട്ടാലും കുറഞ്ഞത് എട്ടുവർഷം കൊണ്ടേ കോവിഡിനു മുന്‍പത്തെ നിലയിലേക്കു കാര്യങ്ങൾ എത്തിക്കാനാകൂ എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
പട്ടിണിയിലേക്കു തള്ളപ്പെട്ട കുട്ടികളുടെ എണ്ണം 2019നെ അപേക്ഷിച്ച് പത്തു മടങ്ങ് കൂടുതലാണ്.
ലോക്ഡൗണുകൾ മൂലം കുട്ടികൾക്കു വ്യാപകമായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ലോകമെന്പാടുമുള്ള 10നും 19നും ഇടയിൽ പ്രായമുള്ളവരിൽ 13 ശതമാനവും മാനസിക പ്രശ്നങ്ങൾ നേരിടുന്നു.
കോവിഡ് മൂലം ഈ പതിറ്റാണ്ടിൽ ഒരു കോടി ബാലവിവാഹങ്ങൾകൂടി നടക്കാം. ബാലവേലക്കാരുടെ എണ്ണം 16 കോടിയായി വർധിച്ചുവെന്നും യുണിസെഫ് റിപ്പോർട്ടിൽ പറയുന്നു.