കോൽക്കത്ത: കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ ഭാഗമായി ചിമ്പാൻസികളെയും മാർമസെറ്റ്സ് കുരങ്ങുകളെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കോൽക്കത്തയിലെ സുപ്രദീപ് ഗുഹ എന്ന വ്യക്തിയുടെ പക്കൽനിന്നാണ് മൂന്നു ചിന്പൻസികളെയും നാലു മാർമസെറ്റ്സ് കുരങ്ങുകളെയും ഏറ്റെടുത്തത്.
ഒരു വർഷം മുന്പ് ഗുഹയുടെ പക്കൽനിന്ന് പിടിച്ചെടുത്ത മൃഗങ്ങളെ കോൽക്കത്തയിലെ അലിപോർ സുവോളജിക്കൽ ഗാർഡനിൽ സംരക്ഷിച്ചുവരികയായിരുന്നു. എന്നാൽ, രേഖകൾ ഹാജരാക്കി മൃഗങ്ങളെ ഏറ്റെടുക്കാൻ ഗുഹ ശ്രമിച്ചെങ്കിലും അത് വ്യാജമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അവയെ പൂർണമായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കുകയായിരുന്നു. നിലവിൽ അലിപോർ സുവോളജിക്കൽ പാർക്കിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഈ ചിന്പൻസികൾ. മൃഗശാലയുടെ പ്രധാന വരുമാന മാർഗവും ഇപ്പോൾ ഇവരാണ്.
25 ലക്ഷം വീതമാണ് ചിന്പൻസികളുടെ വില കണക്കാക്കിയിരിക്കുന്നത്. തെക്കേ അമേരിക്കൻ സ്വദേശിയായ തീരെ ചെറിയ ഇനം കുരങ്ങുകളാണു മാർമസെറ്റ്സുകൾ. ഒന്നര ലക്ഷം രൂപ വീതമാണ് ഇവയുടെ വില. ആകെ 81 ലക്ഷം രൂപ വിലവരുന്ന മൃഗങ്ങളെയാണ് കണ്ടുകെട്ടിയിരിക്കുന്നതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
വന്യജീവികളെ കടത്തുന്ന സുപ്രദീപ് ഗുഹയ്ക്കെതിരേയുള്ള പശ്ചിമബംഗാൾ സർക്കാരിന്റെ നടപടികളുടെ ഭാഗമായാണ് മൃഗങ്ങളെ കഴിഞ്ഞ വർഷം പിടിച്ചെടുത്തത്. വന്യജീവികളെയും പക്ഷികളെയും കടത്തുന്നതിന് വ്യാജ രേഖ ചമച്ചതിന്റെ പേരിൽ സംസ്ഥാന പോലീസ് ഗുഹയ്ക്കെതിരേ കേസ് എടുത്തിട്ടുണ്ട്. ഇതിൽനിന്നാണ് കള്ളപ്പണം വെളുപ്പിക്കൽ ചട്ടത്തിന്റെ ഭാഗമായി കേസ് മാറിയത്. മാത്രമല്ല വന്യജീവി കള്ളക്കടത്ത് റാക്കറ്റിനെ നിയന്ത്രിക്കുന്നതും ഗുഹയാണെന്ന് ഇഡി അറിയിച്ചു.