സിനിമാസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ നടന്‍ ചിമ്പു അടുത്ത കാലങ്ങളില്‍ പക്ഷേ കുറച്ചധികം കുറ്റപ്പെടുത്തലുകള്‍ക്ക് വിധേയനായിരുന്നു. ഷൂട്ടിംഗിന് വൈകിയെത്തുന്നതും ഷൂട്ടിംഗ് സെറ്റിലെ ചില നിബന്ധനകളും കാരണവും നിരവധിപ്പേര്‍ നടനെതിരെ പരാതി നല്‍കുകയുണ്ടായി. ചിമ്പുവിന്റെ മോശം പ്രകടനത്തിലൂടെ ചില ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ അവയുടെ നിര്‍മ്മാതാക്കളും ചിമ്പുവിനെതിരെ തിരിഞ്ഞിരുന്നു. അക്കാരണത്താല്‍ തന്നെ താരത്തിന് ലഭിക്കേണ്ടിയിരുന്ന പല അവസരങ്ങളും നഷ്ടമായിരുന്നു.
ഒരു അഭിനേതാവെന്ന നിലയില്‍ ചിമ്പു പരാജയമായിത്തുടങ്ങി എന്ന അഭിപ്രായങ്ങള്‍ ഉയരുമ്പോഴും ഒരു മനുഷ്യനെന്ന നിലിയില്‍ ചിമ്പു വിജയമാണെന്ന് തെളിയിക്കുന്ന ചില വാര്‍ത്തകളാണ് അടുത്തകാലത്തായി പുറത്തുവരുന്നത്. കാരണം, സാമൂഹ്യപ്രശ്നങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ താരം നടത്താറുണ്ട്. കാവേരി പ്രശ്നത്തില്‍ നടന്‍ മന്‍സൂര്‍ അലിഖാനെ അറസ്റ്റ് ചെയ്ത് പുറത്തുവിടാതായപ്പോള്‍ ആദ്യം പ്രതികരിച്ചത് ചിമ്പുവായിരുന്നു.
ആരാധകരുടെ ദു:ഖം സ്വന്തം ദുഖമായി കണക്കാക്കുന്ന ചുരുക്കം നടന്മാരില്‍ ഒരാളുകൂടിയാണ് ചിമ്പു. കഴിഞ്ഞ ദിവസം രാത്രിയില്‍ നടനെ തെരുവോരത്തെ മതിലുകളില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതായി ആരാധകര്‍ കണ്ടു. മതന്‍ എന്ന യുവാവിന്റെ മരണത്തില്‍ ആദരാഞ്ജലി പോസ്റ്ററുകള്‍ ഒട്ടിക്കുകയായിരുന്നു അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍. അതുവഴി കാറില്‍പോയ ചിമ്പു ഇതു കണ്ടതോടെ വണ്ടി നിര്‍ത്തി. സുഹൃത്തുക്കള്‍ക്കൊപ്പം മതന്റെ പോസ്റ്റര്‍ ചിമ്പുവും മതിലില്‍ പതിച്ചു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്.