പുതിക്കാട്: ചിമ്മിനി വന്യജീവി സങ്കേതത്തിലെ പൂമല ഡിവിഷനിലെ ഈറ്റൻകൊന്പൻ ചെരിവിൽ നിന്ന് മുള വെട്ടിയ കേസിൽ ആദിവാസികൾ ഉൾപ്പടെ ഒന്‍പതുപേരെ പേരെ വനം വകുപ്പ് അധികൃതർ പിടികൂടി.നടാംപാടം കോളനിയിലെ മനയ്ക്കൽ സുന്ദരൻ, സുരേഷ്, കുന്നുമ്മേൽ അജേഷ്, ശാസ്താംപൂവ്വം കോളനിയിലെ അയ്യപ്പൻ, ബാബു, സത്യൻ, എച്ചിപ്പാറ സ്വദേശികളായ പൊട്ടിപ്ലാക്കൽ റോബി, ചക്കുന്നേൽ റിയാസ്, ചക്കാംപറന്പിൽ വേണു എന്നിവരെയാണ് വൈൽഡ് ലൈഫ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ചിമ്മിനി ഡാമിൽ നിന്നുആറ് കിലോമീറ്റർ അകലെയുള്ള കാട്ടിൽ നിന്നാണ് ഇവർ മുള മുറിച്ചെടുത്തതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. ഇവർക്കെതിരെ വന്യജീവി സങ്കേതത്തിൽ കയറി അനധികൃതമായി മുള മുറിച്ചതിനും ആയുധവുമായി കാട്ടിൽ കയറിയതിനുമെതിരെ വനം വകുപ്പ് കേസെടുത്തു. പിടികൂടിയവരെ കോടതിയിൽ ഹാജരാക്കാനുള്ള നീക്കം ആദിവാസികളുടെ പ്രതിഷേധത്തെ തുടർന്ന് വനംവകുപ്പ് പിൻവലിച്ചു.
നടാംപാടം, കള്ളിച്ചിത്ര, ശാസ്താംപൂവ്വം, എച്ചിപ്പാറ എന്നീ ആദിവാസി കോളനികളിൽ നിന്നായി സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേരാണ് പ്രതിഷേധവുമായി ചെക്ക് പോസ്റ്റിൽ എത്തിയത്.പ്രതിഷേധം ശക്തമാകുമെന്നറിഞ്ഞതോടെ വനംവകുപ്പ് അധികൃതർ ചിമ്മിനി ഫോറസ്റ്റ് ഓഫീസിൽ ജാമ്യം നൽകുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പിടികൂടിയ പ്രതികൾക്കെതിരെ ശക്തമായ നടപടിയാണ് വനം വകുപ്പ് എടുത്തിരുന്നത്. പ്രതികൾക്കെതിരെ കേസെടുക്കാതിരിക്കാൻ പ്രാദേശിക നേതാക്കൾ ഫോറസ്റ്റ് ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. ആദിവാസികൾക്ക് അവകാശപ്പെട്ട വന വിഭവങ്ങൾ എടുത്തതിൽ തെറ്റില്ലെന്നും പിടികൂടിയവരെ കേസെടുക്കാതെ വിട്ടയക്കണമെന്നുമായിരുന്നു ആദിവാസികളുടെ ആവശ്യം.