പുതുക്കാട്: ചിമ്മിനി വന്യജീവി സങ്കേതത്തിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സൈക്കിൾ സഫാരി ആരംഭിച്ചു.ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി പാന്തർ റൈഡ് എന്ന പേരിലാണ് ചിമ്മിനി ഡാമിൽ സൈക്കിൾ സഫാരി ആരംഭിച്ചത്.
നിത്യഹരിത വനങ്ങൾ ഉൾക്കൊള്ളുന്ന സഞ്ചാരികളുടെ പറുദീസയായ ചിമ്മിനിയിൽ വന്യ ഭംഗി ആവോളം നുകരാൻ സൈക്കിൾ സഫാരി കൂടുതൽ സുഖകരമാകുമെന്നാണ് കണക്കുകൂട്ടൽ.
200 രൂപയാണ് പാന്തർ റൈഡിനായി ഈടാക്കുക. വനത്തിനുള്ളിലേക്കുള്ള സഫാരിയിൽ ഇക്കോ ടൂറിസ്റ്റ് ഗൈഡുകൾ അനുഗമിക്കും. പദ്ധതിയുടെ ഫ്ലാഗ് ഓഫ് പീച്ചി വൈൽഡ് ലൈഫ് വാർഡൻ എൻ. രാജേഷ് നിർവഹിച്ചു.
ചിമ്മിനി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ വി. അജയകുമാർ, ചിമ്മിനി ഇഡിസി ചെയർമാൻ എം.ഡി. കുമാർ, എച്ചിപ്പാറ ഇഡിസി ചെയർമാൻ പി.എം. ഷാഹിർ മറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും സന്നിഹിതരായിരുന്നു.