പുതുക്കാട്: കനത്തമഴയെ തുടർന്ന് ചിമ്മിനി ഡാമിലെ ജലനിരപ്പുയർന്ന സാഹചര്യത്തിൽ ആദ്യ വാണിംഗ് നൽകി. ഇന്നു രാവിലെ 75.42 മീറ്ററാണ് ചിമ്മിനിയിൽ വെള്ളത്തിന്റെ അളവ്. മഴ ഇപ്പോഴത്തെനില തുടർന്നാൽ രണ്ടാമത്തെ മുന്നറിയിപ്പും ഇന്നു തന്നെ നൽകേണ്ടി വരുമെന്ന് ഡാം അധികൃതർ അറിയിച്ചു.
ഡാമിന്റെ പരമാവധി സംഭരണശേഷി 79 മീറ്ററാണ്. 76.40 മീറ്റർ ജലനിരപ്പിലാണ് ഷട്ടർ തുറക്കുക. ഡാമിൽ ഇപ്പോൾ 142 ദശലക്ഷം ഘനമീറ്റർ വെള്ളമാണുള്ളത്. ഇത് 151.55 ആയപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നൽകിയത്. രണ്ടു മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞാൽ പിന്നെ ഏതു സമയത്തും മൂന്നാമത്തെ അറിയിപ്പോടെ ഡാം തുറക്കും.
കഴിഞ്ഞ ദിവസങ്ങളിൽ ചിമ്മിനി ഡാമിലും സംഭരണിയുടെ വൃഷ്ടിപ്രദേശത്തും കനത്ത മഴ പെയ്തിരുന്നു. ഒരു മാസത്തോളമായി ദിവസത്തിൽ ഒരു മീറ്റർ എന്ന കണക്കിനാണ് ചിമ്മിനിയിൽ ജലനിരപ്പ് ഉയർന്നിരുന്നത്. ജില്ലയിലെ മറ്റു സംഭരണികളെല്ലാം തുറന്നിട്ടും ചിമ്മിനിയിൽ മാത്രം ആവശ്യത്തിനു വെള്ളമെത്തിയിരുന്നില്ല.
ഡാം തുറക്കാതിരുന്നതോടെ ചിമ്മിനി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനവും ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ രണ്ടു ദിവസമായി തുടരുന്ന കനത്തമഴയിൽ ഡാമിൽ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. ജില്ലയിലെ 13,000 ഹെക്ടർ കോൾ നിലങ്ങൾ പ്രധാന ആശ്രയമാണ് ചിമ്മിനിയിലെ വെള്ളം
പാലപ്പിള്ളി കാരിക്കുളം മുതൽ ഏനാമാവ് കോൾ പടവുകൾവരെ ചിമ്മിനിയിൽ നിന്നുള്ള ജലസേചനമാണ് നടക്കുന്നത്. 2015ലാണ് ഇതിനു മുൻപ് ചിമ്മിനി ഡാം തുറന്നത്. ഏതു സമയത്തും ഡാം തുറക്കാമെന്ന സാഹചര്യത്തിൽ കുറുമാലിപുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.