മൃഗശാലയിലെത്തുന്ന ആളുകൾക്ക് കൗതുകമുണർത്താൻ വേണ്ടി കുരങ്ങനെ മനുഷ്യക്കോലം കെട്ടിച്ച് മൃഗശാലാ ജീവനക്കാർ. മധ്യ ചൈനയിലെ ഒരു മൃഗശാലയിലാണ് സംഭവം.
കുഞ്ഞ് ചിമ്പാൻസിയെ ഒരു കൊച്ചു പെൺകുട്ടിയെപ്പോലെ തോന്നിപ്പിക്കുന്ന രീതിയിൽ വസ്ത്രങ്ങൾ അണിയിക്കുകയും ഹെയർ സ്റ്റൈൽ ചെയ്യുകയും ചെയ്തു. ‘ക്വിക്സി’ എന്നാണ് ഈ ചിമ്പാൻസിയുടെ ഓമന പേര്. മനുഷ്യ ശിശുക്കളെപ്പോലെ തന്നെയാണ് ഈ ചിമ്പാൻസി കുഞ്ഞിനെ പരിഗണിക്കുന്നത്. ഞൊടിയിടയിലാണ് ഇവൾ സന്ദർശകരുടെ ശ്രദ്ധ കേന്ദ്രമായത്. വൈകാതെ തന്നെ ഒരു ഓൺലൈൻ സെലിബ്രിറ്റിയായി ഇവൾ മാറിക്കഴിഞ്ഞു.
കുഞ്ഞുങ്ങളുടെ പോലെ നല്ല ഉടുപ്പൊക്കെ ധരിച്ച് നിൽക്കുന്ന ‘ക്വിക്സി’ യുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സന്ദർശകർ ചിമ്പാൻസിക്ക് കൈ കൊടുക്കുന്നതും ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതും വീഡിയോയിൽ കാണാം.
എന്നാൽ, മൃഗശാലയുടെ ഈ നടപടിക്കെതിരെ മൃഗസ്നേഹികളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നു. അതോടെ പ്രതികരണവുമായി മൃഗശാല അധികൃതർ രംഗത്തെത്തി. ചിമ്പാൻസിയുടെ ചൂട് നിലനിർത്താൻ വേണ്ടിയാണ് വസ്ത്രങ്ങൾ ധരിപ്പിച്ചതെന്നും കൂടാതെ മുടി വളർന്ന് കണ്ണുകൾ മൂടിയതിനാലാണ് മുടി മുറിച്ചതൊന്നും അവർ അറിയിച്ചു.