മനുഷ്യന്റെ അടുത്ത ബന്ധുവായ ചിമ്പാൻസി ആൾക്കുരങ്ങുകൾ സ്വയം ചികിത്സ നടത്തുന്നതായി ഗവേഷകർ കണ്ടെത്തി. രോഗം വരുന്പോഴും മുറിവുണ്ടാകുമ്പോഴും ചിമ്പാൻസികൾ പ്രത്യേക ചെടികളും ഉണങ്ങിയ മരത്തിന്റെ ഭാഗങ്ങളും പഴത്തൊലികളുമൊക്കെ ഭക്ഷിക്കും. വിശദമായ പരിശോധനയിൽ ഇവയ്ക്ക് അണുനശീകരണ, വേദനസംഹാര ശേഷികൾ ഉള്ളതായി കണ്ടെത്തി.
യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫഡിലെ ഡോ. എലോഡി ഫ്രേമാന്റെ നേതൃത്വത്തിലുള്ള സംഘം യുഗാണ്ടയിലെ ബുഡോംഗോ സംരക്ഷിത വനത്തിൽ വസിക്കുന്ന രണ്ട് ചിമ്പാൻസി കൂട്ടത്തെ നാലു വർഷം നിരീക്ഷിച്ചാണു സുപ്രധാന കണ്ടെത്തലിലെത്തിയത്.
വേദന സംശയിക്കുന്ന ചിമ്പാൻസികളുടെ വിസർജ്യങ്ങൾ ശേഖരിച്ച് രോഗം ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്തത്. രോഗമുള്ളവർ അസാധാരണ വസ്തുക്കൾ ഭക്ഷണമാക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ഈ ചെടികളും മറ്റും പരിശോധിച്ചപ്പോൾ പലതിനും ആന്റിബാക്ടീരിയൽ സവിശേഷതകളും മുറിവുണക്കാനുള്ള കഴിവും ഉണ്ടെന്നു കണ്ടെത്തി.
ഗവേഷകരുടെ പഠനത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ ചിമ്പാൻസികളും സുഖംപ്രാപിച്ചതായും ഡോ. ഫ്രേമാൻ പറയുന്നു. പുതിയ മരുന്നുകൾ കണ്ടെത്താൻ ചിമ്പാൻസികൾ മനുഷ്യനെ സഹായിക്കുമെന്നാണു ഡോക്ടറുടെ പ്രതീക്ഷ.