ബെയ്ജിംഗ്/ ന്യൂഡൽഹി: ഇന്ത്യക്കെതിരേ പ്രചാരണയുദ്ധവും ഭീഷണിയുമായി ചൈന. ഗ്ലോബൽ ടൈംസ് എന്ന പത്രത്തിലൂടെയാണ് പുതിയ ഭീഷണി. ഭൂട്ടാനിലെ ഡോക ലായിൽനിന്ന് ഇന്ത്യൻ സേന നിരുപാധികം പിന്മാറിയില്ലെങ്കിൽ രണ്ടാഴ്ചയ്ക്കകം ചൈന ആക്രമിക്കും എന്നാണു ഭീഷണി.
ഡോക ലായിൽനിന്ന് ഇന്ത്യൻ ഭടന്മാരെ പുറന്തള്ളാൻ ചെറിയ തോതിലുള്ള സൈനിക നടപടിയുണ്ടാകും എന്നാണു പത്രത്തിൽ പറയുന്നത്. ഷാങ്ഹായ് അക്കാഡമി ഓഫ് സോഷ്യൽ സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ റിലേഷൻസിൽ ഗവേഷണ ഫെലോ ആയ ഹു ചിയോംഗിനെ ഉദ്ധരിച്ചാണ് ഈ ഭീഷണി.
സൈനിക ഏറ്റുമുട്ടലിൽ ചൈനയ്ക്കു വളരെ വലിയ മുൻതൂക്കം ഉണ്ടെന്നു മറ്റൊരു വിശകലനത്തിൽ ഗ്ലോബൽ ടൈംസ് ചീഫ് എഡിറ്റർ ഹു ഷിചിൻ വീന്പിളക്കി.
മോദി ഭരണകൂടം വീണ്ടുവിചാരമില്ലാത്ത നിലപാട് തുടർന്നാൽ അത് യുദ്ധത്തിലേക്കു നയിക്കുമെന്നു പത്രം മുഖപ്രസംഗത്തിലൂടെയും ഭീഷണിപ്പെടുത്തി. യുദ്ധമുണ്ടായാൽ അതു താങ്ങാൻ ഇന്ത്യക്കു കരുത്തില്ലെന്ന വീരവാദവും മുഖപ്രസംഗത്തിൽ ഉണ്ട്.
ജൂൺ 16നു സിക്കിം അതിർത്തിയോടു ചേർന്ന ഡോക ലായിൽ ചൈനീസ് സേന റോഡ് നിർമിക്കുന്നത് ഇന്ത്യ തടഞ്ഞു. ഭൂട്ടാന്റെ പ്രദേശത്തെ അനധികൃത നിർമാണം തടയാൻ ഇന്ത്യൻ സേന അവിടേക്കു ചെല്ലുകയായിരുന്നു.
ഒരവസരത്തിൽ 400 ഇന്ത്യൻ ഭടന്മാർ വരെ അവിടെ പ്രവേശിച്ചെന്നാണു ചൈന പറയുന്നത്. പിന്നീട് ഇന്ത്യ സേനാബലം കുറച്ചെന്നു ചൈന പറഞ്ഞെങ്കിലും ഇന്ത്യ നിഷേധിച്ചു.
ചർച്ച വഴി പ്രശ്നം പരിഹരിക്കാൻ ഇന്ത്യ നിരന്തരം പരസ്യപ്രസ്താവന നടത്തുന്നുണ്ട്. എന്നാൽ സേന പിന്മാറിയിട്ടു മാത്രം ചർച്ച എന്നാണു ചൈനീസ് ശാഠ്യം.
ചെറിയ യുദ്ധം ഉണ്ടാകാം; ഹു ചിയോംഗിന്റെ വിവാദപരമായ വിശകലനം
ചൈന ഈ പ്രതിസന്ധി നീട്ടാൻ താത്പര്യപ്പെടില്ല. വ്യാഴാഴ്ച മുതൽ വിവിധ ചൈനീസ് മന്ത്രാലയങ്ങളും എംബസികളും മുഖപത്രമായ പീപ്പിൾസ് ഡെയിലിയും ഇന്ത്യക്കെതിരേ പറയുന്നത് നടപടി ആസന്നമാണെന്നു സൂചിപ്പിക്കുന്നു. നടപടിക്കു മുന്പു ചൈന ഇന്ത്യൻ വിദേശമന്ത്രാലയത്തെ കാര്യമറിയിക്കും. ഏറ്റുമുട്ടൽ അഞ്ചു വർഷത്തേക്കെങ്കിലും പരസ്പര ബന്ധം തകർക്കും. ഈ പ്രതിസന്ധി എങ്ങനെ തീർന്നാലും പരസ്പര വിശ്വാസം നഷ്ടമായിക്കഴിഞ്ഞു. ചൈനയിൽ കുഴപ്പങ്ങൾ ഉണ്ടാക്കാനും ഇന്ത്യ ശ്രമിക്കും.