ബെയ്ജിംഗ്: 2018 സാന്പത്തികവർഷത്തെ വളർച്ചാലക്ഷ്യം ചൈന പ്രഖ്യാപിച്ചു. ബെയ്ജിംഗിൽ നടന്നുവരുന്ന പതിമ്മൂന്നാമത് നാഷണൽ പീപ്പിൾസ് കോൺഗ്രസിലാണ് സർക്കാരിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചത്. 6.5 ശതമാനമാണ് ഈ വർഷത്തെ വളർച്ചാലക്ഷ്യം.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാന്പത്തികശക്തിയായ ചൈനയുടെ 2017ലെ വളർച്ച 6.9 ശതമാനമായിരുന്നു. സാന്പത്തിക പ്രതിസന്ധി മൂലം ഈ വർഷം 6.5 ശതമാനമാക്കി താഴ്ത്തി നിശ്ചയിക്കുകയായിരുന്നു.
ജിഡിപി കൂടാതെ ചൈനയുടെ ഉപഭോക്തൃ വിലസൂചിക മൂന്നു ശതമാനമാക്കി നിർത്താനും നഗരങ്ങളിൽ 1.1 കോടി തൊഴിലുകൾ സൃഷ്ടിച്ച് ഉയർന്നുവരുന്ന തൊഴിലില്ലായ്മ പിടിച്ചുനിർത്താനും ലക്ഷ്യമുണ്ട്.