മുക്കം: കേരളത്തിൽ ആദ്യമായി ചൈനീസ് കുളക്കൊക്കിനെ കണ്ടെത്തി. അധ്യാപകനും വന്യജീവി ഫോട്ടോഗ്രാഫറുമായ മുക്കം സ്വദേശി അനൂപ് മുത്തേരിയാണ് എറണാകുളം ജില്ലയിലെ കോതമംഗലത്ത് നിന്ന് അപൂർവ ചിത്രങ്ങൾ പകർത്തിയത്.
2013ൽ തമിഴ്നാട്ടിലെ കോതംകുളം പക്ഷിനിരീക്ഷണ കേന്ദ്രത്തിലായിരുന്നു ഇന്ത്യയിൽതന്നെ ആദ്യമായി ചൈനീസ് കുളക്കൊക്കിനെ കണ്ടത്. കിഴക്കനേഷ്യയിൽ കാണുന്ന ശുദ്ധജല പക്ഷിയാണിത്. ഇന്ത്യൻ കുളക്കൊക്കുമായി ഇതിന് നിരവധി സാമ്യതകളുണ്ട്.
47 സെന്റി മീറ്റർ നീളവും വെള്ള ചിറകുകളും അഗ്രം കറുത്ത നിറത്തിലുള്ള മഞ്ഞ കൊക്കും മഞ്ഞനിറത്തിലുള്ള കണ്ണുകളും കാലുകളുമാണ് ചൈനീസ് കുളക്കൊക്കിനുള്ളത്. ആറുവർഷമായി വന്യജീവി ഫോട്ടോഗ്രഫി രംഗത്ത് പ്രവർത്തിക്കുന്ന അനൂപ് മലയമ്മ എയുപി സ്കൂളിലെ അധ്യാപകനാണ്.