കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍.
തുടക്കത്തില്‍ ചൈനയില്‍ നിരവധി മരണങ്ങള് രേഖപ്പെടുത്തിയെങ്കിലും പിന്നീട് മരണസംഖ്യ തീരെക്കുറഞ്ഞു. ഇപ്പോള്‍ അപൂര്‍വമായേ കോവിഡ് മരണമുണ്ടാവുന്നുമുള്ളൂ.
ഇടയ്ക്ക് രോഗബാധിതരാവുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതെല്ലാം ചൈനീസ് ന്യൂസ് ഏജന്‍സികള്‍ നല്കുന്ന വാര്‍ത്തകളായിരുന്നു എന്നതായിരുന്നു യാഥാര്‍ഥ്യം.
ചില രാജ്യങ്ങള്‍ കോവിഡ് മരണം ഒളിച്ചു വയ്ക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചതിനു പിന്നാലെ ചൈന മരണ സംഖ്യ പുതുക്കിയിരിക്കുകയാണ് ഇപ്പോള്‍.
ഒറ്റയടിയ്ക്ക് കൂട്ടിയതാവട്ടെ 1,290 മരണങ്ങളും. ഇതോടെ മുമ്പ് 3,342 ആയിരുന്ന മരണസംഖ്യ ഒറ്റയടിക്ക് 4,632 ആയി.
ഇതോടൊപ്പം ഒറ്റദിവസം കൊണ്ട് 325 രോഗികളുടെ വര്‍ധനവും ചൈനയിലുണ്ടായി.
ചൈനയില്‍ ഇതുവരെ രോഗം ബാധിച്ചത് 82,719 പേര്‍ക്കാണ്. ഇതില്‍ 77,029 പേര് രോഗമുക്തരായി. 1058 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
എന്നാല്‍ മനപൂര്‍വം മരണസംഖ്യ മറച്ചുവെച്ചുവെന്ന ആരോപണം ചൈന തള്ളി.
തുടക്കത്തില്‍ പലരും വീടുകളില്‍ മരിച്ചുവെന്നും അവ രേഖപ്പെടുത്തുന്നതില്‍ പിഴവുണ്ടായെന്നുമാണ് വുഹാന്‍ മുനിസിപ്പാലിറ്റി പറയുന്നത്. മരണക്കണക്കില്‍ ഇപ്പോള്‍ ഇത്രയധികം വര്‍ധനയുണ്ടായത് അതിനാലാണെന്നും അവര്‍ പറയുന്നു.