പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്താന്‍ ചൈന ! പ്ലാസ്റ്റിക് ഉപയോഗത്തില്‍ മുമ്പന്മാരായ ചൈനയുടെ പ്രഖ്യാപനം ലോക പരിസ്ഥിതിയ്ക്ക് വരുത്തുന്ന പുരോഗതി ഇങ്ങനെ…

ലോകത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ഏഷ്യയില്‍ ഒന്നാമതും. എന്നാല്‍ ഇപ്പോള്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള പദ്ധതിയുമായി മുമ്പോട്ടു പോവുകയാണ് രാജ്യം. ദേശീയ വികസന പരിഷ്‌കരണ കമ്മിഷന്‍ ഇതു സംബന്ധിച്ച് ഞായറാഴ്ച പുതിയ നയം പുറത്തിറക്കി. അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുകയാണ് ലക്ഷ്യം. ചൈനയുടെ പദ്ധതി ഫലപ്രഥമായി നടപ്പായാല്‍ ഭൂമിയുടെ 6.3 ശതമാനം ഭാഗം പ്ലാസ്റ്റിക് വിമുക്തമാകും.

2020 അവസാനത്തോടെ പ്രധാന നഗരങ്ങളിലും 2022 ഓടെ എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കും. 0.025 മില്ലിമീറ്ററില്‍ താഴെ കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉല്‍പാദനവും വില്‍പനയും നിരോധിക്കും. ഹോട്ടല്‍ വ്യവസായത്തില്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം 30% കുറയ്ക്കണം. 2025 ഓടെ സൗജന്യ ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കള്‍ നല്‍കരുതെന്നും ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും പുതിയ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന വിപണികളെ 2025 വരെ ഒഴിവാക്കും.

140 കോടിയ്ക്കടുത്തുള്ള ജനങ്ങള്‍ സൃഷ്ടിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചൈനയ്ക്ക് തലവേദനയാണ്. 2017 ല്‍ മാത്രം 215 ദശലക്ഷം ടണ്‍ നഗര ഗാര്‍ഹിക മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നു. 2010 ല്‍ 60 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ രാജ്യത്തുണ്ടായി. എന്നാല്‍ പ്ലാസ്റ്റിക്കിനെതിരേ ചൈന ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്നത് ഇതാദ്യമല്ല. 2008 ല്‍ ചില്ലറ വ്യാപാരികള്‍ക്ക് സൗജന്യ പ്ലാസ്റ്റിക് ബാഗുകള്‍ നല്‍കുന്നത് നിരോധിക്കുകയും അള്‍ട്രാ-തിന്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉല്‍പാദിപ്പിക്കുന്നത് നിരോധിക്കുകയും ചെയ്തിരുന്നു.

ലോകത്തിലെ ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇറക്കുമതി ചെയ്തിരുന്ന ചൈന 2017ല്‍ വിദേശ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു. മുമ്പ് തായ്ലന്‍ഡും ഇന്തൊനീഷ്യയും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പ്രധാന സ്റ്റോറുകളില്‍ ഇവ നിരോധിക്കുമെന്ന് ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച തായ്ലന്‍ഡ് 2021 ല്‍ രാജ്യമെമ്പാടും സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തുമെന്നും പറഞ്ഞു. ഇന്തൊനീഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയും 2020 ജൂണിനുശേഷം ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും വിപണികളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചു. ഇന്തൊനീഷ്യന്‍ ദ്വീപായ ബാലിയിലും ഇവ നിരോധിച്ചിട്ടുണ്ട്. ഇപ്പോള്‍ ചൈനയുടെ പ്രഖ്യാപനം കൂടി വന്നതോടെ പരിസ്ഥിതി പ്രേമികളെല്ലാം തികഞ്ഞ ശുഭപ്രതീക്ഷയിലാണ്.

Related posts