ബെയ്ജിംഗ്: എയ്ഡ്സ് വൈറസിനെ പ്രതിരോധിക്കാൻ ശേഷി നൽകുന്ന തരത്തിൽ ഡിഎൻഎയിൽ മാറ്റംവരുത്തിയ ഇരട്ടക്കുട്ടികൾ ഈ മാസം ചൈനയിൽ പിറന്നുവെന്ന് ചൈനീസ് ശാസ്ത്രജ്ഞൻ ഹി ജിയാൻക്വേ അവകാശപ്പെട്ടു. എന്നാൽ ശാസ്ത്രലോകം ഇതു പൂർണമായി വിശ്വസിക്കാൻ തയാറാവുന്നില്ല. തികച്ചും അധാർമികമായ ജീൻ എഡിറ്റിംഗ് അമേരിക്കയും ബ്രിട്ടനും നിരോധിച്ചിട്ടുള്ളതാണ്.
എലികളിലും കുരങ്ങുകളിലും നിരവധി തവണ പരീക്ഷണം നടത്തിയശേഷമാണ് മനുഷ്യഭ്രൂണത്തിൽ പരീക്ഷണം നടത്തി വിജയിച്ചതെന്ന് ജെകെ എന്ന ചുരുക്കപ്പേരുള്ള ഹി ജിയാൻക്വേ പറഞ്ഞു. ലുലു,നാനാ എന്നീ പേരുകളുള്ള ഇരട്ടകൾക്ക് എച്ച്ഐവി രോഗത്തിന് എതിരേ പ്രതിരോധശേഷിയുണ്ടെന്നു ജെകെ അവകാ ശപ്പെട്ടു. സ്റ്റാൻഫഡ് സർവകലാശാലയിൽ പഠിച്ച ജെകെ ചൈനയിൽ തിരിച്ചെത്തി ഷെൻസനിലെ സതേൺ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഗവേഷണം നടത്തുകയായിരുന്നു.