ഒരു യാത്രക്കാരിയുടെ പിടിവാശിയെത്തുടർന്നു വിമാനം വൈകിയത് ഒരു മണിക്കൂർ. ആഡംബര ബാഗുമായി വിമാനത്തിൽ കയറിയ ചൈനീസ് യുവതി സീറ്റിനടിയിൽ ബാഗ് സൂക്ഷിക്കാൻ വിസമ്മതിച്ചതാണു പ്രശ്നമായത്. ചൈനയിലെ ചോങ്കിംഗിലാണു സംഭവം നടന്നത്.
വലിയ വിലയുള്ള ലൂയിസ് വിറ്റൺ ബാഗുമായാണു യുവതി വിമാനത്തിൽ കയറിയത്. ടേക്ക് ഓഫിനിടെ ഇക്കണോമി ക്ലാസ് സീറ്റിനടിയിൽ ബാഗ് വയ്ക്കണമെന്ന കാബിൻ ക്രൂ അംഗങ്ങളുടെ നിർദേശം അനുസരിക്കാൻ യുവതി തയാറായില്ല.
സ്ത്രീകൾക്കുള്ള ലൂയിസ് വിറ്റൺ ബാഗിന് ഒരു ലക്ഷം രൂപ മുതൽ നാലു ലക്ഷം വരെ വിലയുണ്ട്. ആഡംബര ബാഗ് താഴെ വയ്ക്കാന്‍ പറ്റില്ലെന്നും തന്റെ അടുത്തുതന്നെ സൂക്ഷിക്കുമെന്നും യുവതി വാശി പിടിച്ചതോടെ വിമാനത്തിനു പുറപ്പെടാനായില്ല.
ഇതോടെ മറ്റു യാത്രക്കാര്‍ പ്രശ്നമുണ്ടാക്കി. തുടർന്നു യുവതിയെ വിമാനത്തിൽനിന്നു പുറത്താക്കുകയായിരുന്നു. സഹയാത്രക്കാർ കരഘോഷം മുഴക്കി പുറത്താക്കൽ ആഘോഷിച്ചു. ചൈനീസ് സമൂഹമാധ്യമ ആപ്പായ ഡൂയിനില്‍ പങ്കുവയ്ക്കപ്പെട്ട ഇതിന്റെ വീഡിയോ പതിനായിരങ്ങളാണു കണ്ടത്.