മുക്കം: കേരളത്തിൽ ആദ്യമായി ചൈനീസ് കുളക്കൊക്കിനെ കണ്ടെത്തി. എറണാകുളം ജില്ലയിലെ കോതമംഗലത്താണ് ചൈനീസ് കുളക്കൊക്കിനെ കണ്ടത്. അധ്യാപകനും വന്യജീവി ഫോട്ടോഗ്രഫറുമായ മുക്കം സ്വദേശി അനൂപ് മുത്തേരിയാണ് ചൈനീസ് കുളക്കൊക്കിന്റെ അപൂർവ ചിത്രങ്ങൾ പകർത്തിയത്.
ഇത് രണ്ടാം തവണയാണ് രാജ്യത്ത് ചൈനീസ് കുളക്കൊക്കിനെ കണ്ടെത്തുന്നത്. 2013ൽ തമിഴ്നാട്ടിലെ കോതംകുളം പക്ഷിനിരീക്ഷണ കേന്ദ്രത്തിലായിരുന്നു ഇന്ത്യയിൽ തന്നെ ആദ്യമായി ചൈനീസ് കുളക്കൊക്കിനെ കണ്ടെത്തിയത്.
കിഴക്കനേഷ്യയിൽ കാണപ്പെടുന്ന ശുദ്ധജല പക്ഷിയാണിത്. കുളക്കൊക്ക് പക്ഷി വർഗത്തിന്റെ ആറോളം ഇനത്തിൽ പെട്ട ഒന്നാണിത്. ഇന്ത്യൻ കുളക്കൊക്കുമായി ഇതിന് നിരവധി സാമ്യതകളുണ്ട്. 47 സെന്റീ മീറ്റർ നീളവും വെള്ള ചിറകുകളും അഗ്രം കറുത്ത നിറത്തിലുള്ള മഞ്ഞ കൊക്കും മഞ്ഞനിറത്തിലുള്ള കണ്ണുകളും കാലുകളുമാണ് ചൈനീസ് കുളക്കൊക്കിനുള്ളത്.
പക്ഷിയുടെ കണ്ടെത്തൽ വന്യജീവി നിരീക്ഷകർക്ക് വലിയ ആശ്ചര്യമാണ് നൽകിയതെന്നും ചൈനീസ് കുളക്കൊക്കിനെ കണ്ടെത്തിയതോടെ നിലവിൽ സംസ്ഥാനത്ത് 538 വ്യത്യസ്ത പക്ഷി വർഗങ്ങളായെന്നും അനൂപ് മുത്തേരി പറഞ്ഞു.
ചൈനയിൽ നിന്നുള്ള പക്ഷിയാണെന്ന് അറിഞ്ഞതോടെ ഇത് വൈറസ് പരത്തുമോ എന്ന സംശയം ഇവിടത്തെ നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.