ന്യൂഡൽഹി: ബ്രഹ്മപുത്ര നദിയിൽ തങ്ങൾ നിർമിക്കുന്ന അണക്കെട്ട് ആരെയും ദോഷകരമായി ബാധിക്കില്ലെന്ന വാദവുമായി ചൈന. നദിക്കരയിലുള്ള പ്രദേശങ്ങൾക്കുമേൽ പദ്ധതിയുണ്ടാക്കാനിടയുള്ള ആഘാതം പരിഗണിക്കണമെന്നു കഴിഞ്ഞ ദിവസം ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു ചൈനയുടെ വിശദീകരണം.
ആഗോള കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഊർജം ഉത്പാദിപ്പിക്കണം. പ്രളയത്തെ ചെറുക്കാനാണ് ഇത്തരം പദ്ധതികളെന്നും ചൈനീസ് എംബസി വക്താവ് യു ജിൻഗ് എക്സിലൂടെ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടും ജലവൈദ്യുത പദ്ധതിയും ബ്രഹ്മപുത്രയ്ക്ക് കുറുകെ നിർമിക്കുമെന്നു കഴിഞ്ഞ മാസമാണ് ചൈന പ്രഖ്യാപിച്ചത്.
നദീജലത്തിൽ ഇന്ത്യക്കും അവകാശമുണ്ടെന്നും രാജ്യത്തിന്റെ അഭിപ്രായങ്ങളും ആശങ്കകളും ചൈനയെ ധരിപ്പിച്ചിട്ടുണ്ടെന്നും നേരത്തേ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. നദിക്കരയിലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങളെ മാനിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.