ഷാങ്ഹായ്: ചൈനയുടെ വ്യോമസ്വപ്നങ്ങൾ ചിറകിലേറ്റി സി919 ജെറ്റ് പരീക്ഷണപ്പറക്കൽ നടത്തി. ആഗോള വ്യോമയാന മാർക്കറ്റിൽ ഇടംനേടാനുള്ള ചൈനയുടെ ശ്രമവും സ്വന്തമായി നിർമിച്ച വിമാനത്തിനു പിന്നിലുണ്ട്. വെള്ളയും നീലയും പച്ചയും നിറമണിഞ്ഞ സി919 ജെറ്റ് ഷാങ്ഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നായിരുന്നു പരീക്ഷണ പറക്കലിനായി ഉയർന്നത്.
നാരോ ബോഡി ജെറ്റായ സി919 ബോയിംഗ് 737, എയർബസ് എ320 എന്നിവയോടാണ് വിപണിയിൽ മത്സരിക്കുക. അടുത്ത രണ്ടു പതിറ്റാണ്ടിനുള്ളിൽ രണ്ടു ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം ജെറ്റ് വിമാന നിർമാണമേഖലയിൽ നടത്താനാണ് ചൈനയുടെ തീരുമാനം.
ഒന്നര മണിക്കൂർ നീണ്ടുനിന്ന ആദ്യ പരീക്ഷണപ്പറക്കലിൽ 3000 അടി ഉയരത്തിൽ വിമാനം 300 കിലോമീറ്റർ ദൂരം സഞ്ചരിച്ചുവെന്ന് ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്തു. ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കൊമേഴ്സൽ എയർക്രാഫ്റ്റ് കോർപറേക്ഷൻ ഓഫ് ചൈന(കോമാക്)യാണ് സി919 ജെറ്റിന്റെ നിർമാതാക്കൾ. നിർമാണത്തകരാറിനെത്തുടർന്ന് 2014നു ശേഷം രണ്ടു തവണ സി919ന്റെ പരീക്ഷണപ്പറക്കൽ മാറ്റിവച്ചിരുന്നു.
168 പേരെ വഹിക്കാൻ കഴിയുന്ന സി919ൽ എയർബസ് 320ന്റെയും ബോയിംഗ് 737ന്റെയും പരിഷ്കരിച്ച സാങ്കേതികവിദ്യാണ് ഉപയോഗിച്ചിരിക്കുന്നത്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ സർവീസ് തുടങ്ങുന്ന ആദ്യ സി919 ജെറ്റ് വാങ്ങിയിരിക്കുന്നത് ചൈന ഈസ്റ്റേൺ എയർലൈൻസ് ആണ്.