പഴയങ്ങാടി: വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്റെ നാട്ടിലെ പൊതുമേഖലാ വ്യവസായ കേന്ദ്രമായ മാടായി ചൈനാ ക്ലേ (പഴയങ്ങാടി ക്ലേ ആന്ഡ് സിറാമിക്സ് ) കമ്പനി അടച്ചു പൂട്ടിയിട്ട് നാല് വർഷം പിന്നിടുന്പോഴും തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. തൊഴിലാളികളുടെ പുനരധിവാസത്തിനായി വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചെങ്കിലും ഒന്നും യാഥാർഥ്യമായില്ല.
ഏറ്റവും ഒടുവിൽ സ്ഥാപനത്തിന്റെ സ്ഥലം ഇപ്പോൾ സ്വകാര്യ വ്യക്തിക്ക് ചെറുകിയ വ്യവസായ യൂണിറ്റ് നടത്തുന്നതിനായി വാടകയ്ക്ക് നൽകിയിരിക്കുകയാണ്.കന്പനി പൂട്ടിയതിനെ തുടർന്നു തൊഴിലാളികളുടെ അതിജീവനത്തിനായി വൈവിധ്യവത്ക്കരണത്തിലൂടെ പുതിയ തൊഴിൽ സാധ്യതകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ലെന്ന് തൊഴിലാളികൾ പറയുന്നു.
വൈവിധ്യവത്കരണം പാളിയതിനു പിന്നാലെ ഡെയറി ഫാം (പാലും പദ്ധതി ) പദ്ധതി ആവിഷകരിക്കുകയും എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. ഇതിന്റെ പ്രാരംഭ പ്രവൃത്തി നടത്തിയെങ്കിലും ഇതും പാതിവഴിയിൽ നിലച്ചു. തുടർന്ന് തുടങ്ങിയകോക്കനട്ട് പദ്ധതിയും എങ്ങുമെത്തിയില്ല. ആറ് മാസങ്ങൾക്ക് മുമ്പ് കൊട്ടിഘോഷിച്ച് ഇഷ്ടിക യൂണിറ്റ് ചെയർമാൻ ടി.കെ.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
അസംസ്കൃത വസ്തുക്കളുടെ അഭാവം കാരണം ഇതും അവതാളത്തിലായി. വ്യക്തമായ ആസൂത്രണമില്ലാതെ നടപ്പാക്കിയതിനാലാണ് പദ്ധതികളെല്ലാം പാളാൻ കാരണമെന്ന് ആരോപണം ഉയരുന്നുണ്ട്. തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി പാപ്പിനിശേരിയിൽ ആരംഭിക്കുന്ന പെട്രോളിയം യൂനിറ്റും സർക്കാറിന്റെ ചുവപ്പ് നടയിൽ കുരുങ്ങി യിരിക്കുകയാണ്.
കമ്പനിയുടെ കീഴിൽ പഴയങ്ങാടി, പാപ്പിനിശേരി, കണ്ണപുരം, കരിന്തളം, നിലേശ്വരം എന്നി യൂനിറ്റുകളിലായ 162 തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. ഇപ്പോൾ പഴയങ്ങാടി, കണ്ണപുരം യൂണിറ്റിൽ മാത്രമാണ് പേരിനെങ്കിലും ജോലിയുള്ളത്. അതും ആഴ്ചയിൽ രണ്ടു ദിവസം മാത്രം. ഇതിൽ മഹാഭൂരിപക്ഷം പേർക്കും ജോലിയുമില്ല. പതിനഞ്ച് തൊഴിലാളികൾക്ക് വിതം ജോലി നൽകാമെന്ന വ്യവസ്ഥയുണ്ടെങ്കിലും അന്യസംസ്ഥാന തൊഴിലാളികളാണ് യൂണിറ്റിലെ സ്ഥിരം പണിക്കാർ എന്നതും തൊഴിലാളികളെ ദുരിതത്തിലാഴ്ത്തുന്നു.