ചന്ദ്രോപരിതരത്തില്‍ ചൈന പരുത്തി വിത്തുകള്‍ മുളപ്പിച്ച വാര്‍ത്ത വലിയ അത്ഭുതത്തോടെയാണ് ലോകം വീക്ഷിച്ചത്. എന്നാല്‍ മുളച്ച വിത്തുകള്‍ ഒറ്റരാത്രികൊണ്ട് നശിച്ചുപോയതായാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. പരുത്തി മുളച്ച ദിവസം രാത്രി മൈനസ് 170 ഡിഗ്രി വരെയെത്തിയ അതിശൈത്യം അതിജീവിക്കാന്‍ സാധിക്കാതെ വന്നതാണ് പരുത്തിയ്ക്ക് വിനയായത്. ഇതോടെ ചന്ദ്രനിലെ ആദ്യജീവനും അന്ത്യമായിരിക്കുകയാണ്.
ഭാവിയില്‍ അന്യഗ്രഹങ്ങളില്‍ തന്നെ ബഹിരാകാശ ഗവേഷകര്‍ക്കായുള്ള ഭക്ഷണം കൃഷിചെയ്തുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ചന്ദ്രനില്‍ സസ്യങ്ങള്‍ മുളപ്പിക്കാനുള്ള പരീക്ഷണം നടത്തിയത്. മണ്ണുനിറച്ച ലോഹ പാത്രത്തിനുള്ളില്‍ പരുത്തിയുടേയും ഉരുളക്കിഴങ്ങിന്റേയും ക്രെസ് എന്ന പേരുള്ള ഒരിനം ചീരയുടേയും വിത്തുകളും ഒപ്പം യീസ്റ്റും പട്ടുനൂല്‍ പുഴുവിന്റെ മുട്ടകളും വെച്ചാണ് ചന്ദ്രനിലെത്തിച്ചത്.
മൂണ്‍ സര്‍ഫേസ് മൈക്രോ-ഇക്കോളജിക്കല്‍ സര്‍ക്കിള്‍ എന്നാണ് ഈ ഉപകരണത്തെ വിളിക്കുന്നത്. ഉയര്‍ന്ന അന്തരീക്ഷ മര്‍ദത്തിലുടെയും വ്യത്യസ്ത താപനിലയിലൂടെയും ശക്തമായ റേഡിയേഷനിലൂടെയും കടത്തിവിട്ടാണ് പരീക്ഷണം നടത്തിയത്. ആദ്യമായി മുളപ്പിച്ച സസ്യത്തിന് ഒറ്റരാത്രിയില്‍ കൂടുതല്‍ ആയുസ്സുണ്ടാവില്ലെന്നത് പ്രതീക്ഷിച്ചിരുന്നെന്നും ഗവേഷകര്‍ പറഞ്ഞു.
ചന്ദ്രനിലെ രാത്രി മറികടക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമെന്ന് പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്ന ചോങ് ക്വിങ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഷി ജെങ്ക്‌സിന്‍ പറഞ്ഞു. അതേസമയം, വരുന്ന നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ ചന്ദ്രനില്‍ ഉരുളക്കിഴങ്ങ് മുളപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. മറ്റുള്ള വിത്തുകളും ഈ കാലയളവില്‍ മുളപ്പിച്ചെടുക്കാന്‍ ആവുമെന്നാണ് കരുതുന്നത്.
എന്തായാലും ചന്ദ്രനിലെ താപനിലയില്‍ സസ്യങ്ങള്‍ വളര്‍ത്തുക പ്രയാസമേറിയ കാര്യമാണ്. പകല്‍ സമയങ്ങളില്‍ 100 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാണ് ചന്ദ്രനിലെ താപനില. രാത്രിയില്‍ അത് മൈനസ് 100 ഡിഗ്രി സെല്‍ഷ്യസിലും കുറയും. തിങ്കളാഴ്ചയാണ് ചരിത്രം കുറിച്ചുകൊണ്ട്, ചന്ദ്രനില്‍ പരുത്തിച്ചെടി മുളപ്പിച്ചതിന്റെ ചിത്രം ചൈന പുറത്തുവിട്ടത്. ചന്ദ്രനിലിറങ്ങിയ ചാങ്-4 വാഹനമാണ് വിത്തുകള്‍ ചന്ദ്രനിലെത്തിച്ചത്. ഏതായാലും കാത്തിരിപ്പ് ഇനിയും നീളുമെന്ന് വേണം മനസിലാക്കാന്‍.