ഗുവാഹത്തി: ബ്രഹ്മപുത്രയിൽ മെഗാ ഡാം നിർമിക്കാനുള്ള ചൈനയുടെ പദ്ധതി നദി വരളാനും നദിയെ ആശ്രയിക്കുന്ന മുഴുവൻ ആവാസവ്യവസ്ഥയെയും ദുർബലമാക്കാനും ഇടവരുത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇന്ത്യ ഇതിനകംതന്നെ തങ്ങളുടെ ആശങ്ക ചൈനയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രഹ്മപുത്രയുടെ ചൈനീസ് നാമമായ യാർലുംഗ് സാംഗ്പോ നദിയിൽ 60,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് നിർമിക്കുന്നതിന് കഴിഞ്ഞ ആഴ്ച ചൈനീസ് സർക്കാർ അനുമതി നൽകിയിരുന്നു. കിഴക്കൻ ടിബറ്റിലെ ഹിമാലയൻ പർവതനിരകളിലാണ് അണക്കെട്ട് നിർമിക്കാൻ ചൈന പദ്ധതിയിടുന്നത്. ബ്രഹ്മപുത്ര അരുണാചൽ പ്രദേശിലേക്ക് ഒഴുകുന്ന പ്രദേശമാണിത്.
അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും ഈ വിഷയം കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശർമ, അണക്കെട്ടിന്റെ അനന്തരഫലങ്ങൾ അവർക്കു താങ്ങാവുന്നതിനപ്പുറമാകുമെന്നും പറഞ്ഞു.