വിവിധങ്ങളായ വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. അവയിൽ പലതും നമ്മെ ഞെട്ടിപ്പിക്കുന്നതാകാം. അത്തരത്തിലൊരു വാർത്തയാണ് ഇന്ന് ഏറെ ചർച്ച ചെയ്യുന്നത്. പുരാതന യുദ്ധത്തിന്റെ ക്രൂരതയെ വരച്ചു കാട്ടുന്നതാണീ വാർത്ത.
വടക്കുകിഴക്കൻ ചൈനയിൽ ഏതാണ്ട് 4,100 വർഷം പഴക്കമുള്ള ഒരു കൂട്ട ശവക്കുഴി കണ്ടെത്തിയിരിക്കുന്നു. നിയോലിത്തിക്ക് കാലഘട്ടത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ തലവേട്ട കൂട്ടക്കൊലയിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തലെന്ന് പറയപ്പെടുന്നു. തലവേട്ട എന്നത് പുരാതന കാലഘട്ടത്തിലെ പരസ്പര ആക്രമണങ്ങളിൽ ഏറ്റവും ക്രൂരമായ പ്രവർത്തനമായിരുന്നു.
ശവക്കുഴിയിൽ നിന്നു കിട്ടിയ രേഖകളനുസരിച്ച് കൂട്ടക്കൊലയ്ക്ക് ഇരകളായവരെല്ലാം സ്ത്രീകളും കുട്ടികളുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പുരാവസ്തു ഗവേഷകർ 1990 കളിലാണ് ആദ്യമായി ഈ സ്ഥലം കണ്ടെത്തിയത്. ഇതുവരെ ആറ് തവണ ഇവിടെ ഖനന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്.
തലവേട്ടയ്ക്ക് ഇരയായ 43 വ്യക്തികളുടെ അവശിഷ്ടങ്ങളാണ് ഇപ്പോൾ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത്. കണ്ടെടുത്ത അവശിഷ്ടങ്ങളിൽ പലതും ശരീരത്തിൽ നിന്നും തല വെട്ടി മാറ്റിയ നിലയിലുള്ളവയാണ്. തല മുൻവശത്ത് നിന്ന് വെട്ടിമാറ്റിയെന്നാണ് ഗവേഷകരുടെ നിരീക്ഷണം.